Friday, February 4, 2011

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം പന്ത്രണ്ട്

അമ്പലപ്പുഴ അമ്പലം.
അച്ഛനും അമ്മയുമോടൊത്ത് വന്നിട്ടുണ്ട്. നേരെ ചെന്നതോടെ അറുമുഖ പിള്ള അമ്പലത്തിന്‍റെ വാതില്‍ക്കല്‍ തന്നെ കമിഴ്ന്നൊരു കിടപ്പ്
"ദോണ്ടെ ടീച്ചറെ അങ്കിള്‍ വീണു."
"ഇനി ദോണ്ടെ എന്നു പറഞ്ഞാല്‍ ഞാന്‍ ആയിരം പ്രാവശ്യം ഇമ്പോസിഷന്‍ എഴുതിക്കും രാവിലെ എന്നെ മോനുവിന്‍റെ അമ്മാവന്‍ കളിയാക്കിയത് പോരെ "
"ബുദ്ദൂസേ അത് സാഷ്ടാംഗ പ്രണാമം ആണ്" രേഖ ചേച്ചിയുടെ വക
എനിക്കൊന്നും മനസ്സിലായില്ല ഞാന്‍ ശങ്കുവിന്‍റെ അടുത്തേക്കോടി.

ടീച്ചറുടെ കൂടെ ആരാ ഒരു സ്ത്രീ? ഞാനും ശങ്കും അന്തം വിട്ടു നിന്നു.
ഇത് ശങ്കു, ഇതു മോനു ടീച്ചര്‍ പറഞ്ഞു.
ഇതെന്‍റെ കൂടെ പഠിച്ച കുട്ടി ലളിത
"കുട്ടിയോ" ഞാന്‍ ആലോചിച്ചു.
"വാ സ്വപ്നം പിന്നെ കാണാം " രേഖ ചേച്ചി പറഞ്ഞു.


ടീച്ചറുടെ കൂട്ടുകാരി ഉണ്ടായിരുന്നത് കൊണ്ട് അമ്പലത്തിലെ കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് കഴിഞ്ഞു. തൊഴാന്‍ നില്‍ക്കുമ്പോള്‍ ചേച്ചി എന്‍റെ തോളില്‍ ഞെക്കി
ബുദ്ദൂസെ പ്രാര്‍ത്ഥിക്ക്
ഞാന്‍ ചേച്ചിയെ നോക്കി. കണ്ണടച്ച് ഒറ്റ നില്‍പ്പാണ്.
ഞാനും കണ്ണടച്ചു.
വിളക്കിലെ എണ്ണയെരിമ്പോളുള്ള മണം എനിക്കിഷ്ടമാണ്. ഞാന്‍ ശ്വാസം നീട്ടി വലിച്ചു.

എല്ലാം കഴിഞ്ഞു ഞങ്ങള്‍ ഒരു വലിയ പുരയുടെ അടുത്തെത്തി.
എന്താ ഇതിന്‍റെ പേര് ശങ്കുവിനോട് ചോദിക്കാം

ശങ്കു പക്ഷേ മറ്റേതോ ലോകത്താണ്. അവന്‍ രേഖ ചേച്ചിയോടെന്തോ ചോദിക്കുന്നു
ചേച്ചി ചിരിച്ചത് കേട്ട് ടീച്ചറും കൂട്ടുകാരിയും നോക്കി.
"ശങ്കുവിനു പായസം വേണമെന്ന്"
"അതൊക്കെ ലളിതയുടെ വീട്ടില്‍ ചെന്നിട്ട്. പായസമൊക്കെ അവിടെ വരും"

"സുധേ നോക്കിക്കെ ആരൊക്കെയാണെന്ന്" ടീച്ചറുടെ കൂട്ടുകാരി പറഞ്ഞു
"അയ്യോ എല്ലാവരുമുണ്ടല്ലോ വാ" എന്നു പറഞ്ഞു ടീച്ചര്‍ അങ്ങോട്ട് നീങ്ങി.

"ഇങ്കെ ഉക്കാറലാമാ" അറുമുഖന്‍ പിള്ളയാണ്.
"ഉക്കാറാം "

ശങ്കു പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

ഒരു ഗ്രൂപ്പ്
ടീച്ചര്‍ അടുത്തു ചെന്നതില്‍ ഒരാളെ തൊഴുതു.
സുമുഖനായ ഒരു ചെറുപ്പക്കാരന്‍ മാത്രം അതില്‍ അപവാദം ബാക്കിയെല്ലാം പ്രായമുള്ളവര്‍.

"രാമ വര്‍മ്മ സാറിനാളെ മനസ്സിലായോ" ആ ചെറുപ്പക്കാരന്‍ അതിലൊരാളോട് ചോദിച്ചു.
സാര്‍ ടീച്ചറിനെ നോക്കി.
സിദ്ധാര്‍ത്ഥമേനോന്‍റെ മകള്‍ ആണ്, സുധാ മേനോന്‍
ഉടനെ അവിടെ നിന്ന മുണ്ട് മാത്രമുടുത്ത ഒരു കിളവന്‍ ചോദിച്ചു.
അതിനു മേനോന്‍ കല്യാണം കഴിച്ചത് ആനക്കൊട്ടിലിലെ പെണ്ണിനെയല്ലെ അപ്പൊ മോളെ നീ കര്‍ത്തായല്ലെ
എനിക്കു ചിരി വന്നു
എന്ത് കഥ എന്തോന്നാ ഈ കര്‍ത്ത
അപ്പോള്‍ അവിടെ നീളന്‍ കുടയുമായി നിന്ന ഒരു കിളവന്‍ പറഞ്ഞു
സ്വാമിക്ക് മേനൊനെ അറിഞ്ഞു കൂടെ ശാഠ്യം ഏറെയുണ്ടായിരുന്നല്ലൊ മേനോന്‍റെ മോള്‍ മേനോന്‍ അല്ലെ കുഞ്ഞെ

എല്ലാവരും ചിരിച്ചു എന്നിട്ട് വാത്സല്യത്തോടെ ടീച്ചറെ നോക്കി.
സ്വാമി ഞങ്ങളെ നോക്കി
ഇതേതാടോ ഈ വാനര പട. ഇവന്‍ ശ്രമിച്ചാല്‍ ലങ്കയിലെത്താം ശങ്കുവിനെ നോക്കി അങ്ങേരു പറഞ്ഞത് കേട്ടെല്ലാവരും ചിരിച്ചു.
രേഖ ചേച്ചിയെന്തോ, ചിരിച്ചില്ല

ടീച്ചര്‍ ഞങ്ങളെ ഓരോരുത്തരേയും പരിചയപ്പെടുത്തി.
ചെറുപ്പക്കാരന്‍ ടീച്ചറുടേയും കൂട്ടുകാരിയുടേയും സാറാണ്, ഗോപകുമാര്‍, കവിയാണത്രേ.

ചേച്ചി എല്ലാവരേയും നമസ്കരിച്ചു
സ്വാമിയെ നമസ്കരിക്കാന്‍ മുതിര്‍ന്നപ്പോള്‍ മറ്റേ വൃദ്ധനെ കാട്ടി പറഞ്ഞു
ഇയാളുടെ അനുഗ്രഹം ആദ്യം വാങ്ങൂ മോളേ, ഇയാളാ കേമന്‍ അന്‍പത്തിയാറക്ഷരം വെച്ചാ കളി
അത് കേട്ട് അദ്ദേഹം പറഞ്ഞു
അതല്ലെ സ്വാമി നിങ്ങടെ കഴിവ് കളിക്കാന്‍ ഏഴല്ലെ കരുവുള്ളൂ എന്നിട്ടും കളിച്ചു നില്‍ക്കുന്നില്ലെ
എല്ലാവരും ചിരിച്ചു.

തിരിഞ്ഞു നടക്കാന്‍ നേരം ടീച്ചറുടെ സാറ് പറഞ്ഞു,
മുര്‍ളീ കൃഷ്ണന്‍ ഇവിടെയെവിടെയോ ഉണ്ട്, പുതിയ പുസ്തകം ഇറങ്ങാറായത്രേ
കുടയുമായി നിന്ന വൃദ്ധന്‍ പറഞ്ഞു.
"വലിയനാട്ടെ പയ്യനല്ലെ കിഴക്കുണ്ടാകും ഞാന്‍ കണ്ടിരുന്നു എന്നെ ശുണ്ഠി പിടിപ്പിക്കാന്‍ പറഞ്ഞു ചെമ്മീന്‍ അത്ര ഇഷ്ടായില്ലാന്ന്` " ഒന്നു തുപ്പിയിട്ട് അദ്ദേഹം പറഞ്ഞു.
"ഞാന്‍ അവനോട് പറഞ്ഞു നിനക്ക് ചെമ്മീന്‍ പറ്റില്ലാ പൂഞ്ഞാനെ പറ്റൂ, ചിരിച്ചും കൊണ്ടവന്‍ പോയി. "
എന്നിട്ടദ്ദേഹം സ്നേഹത്തോടെ പറഞ്ഞു.
"അവന്‍ നന്നായി വരും. നല്ല കവിത".

തിരിഞ്ഞു നടക്കുമ്പോള്‍ ടീച്ചറുടെ കൂട്ടുകാരി പറഞ്ഞു.
സുധേ ഞാന്‍ അച്ഛനെ കണ്ടിട്ട് വീട്ടിലേയ്ക്ക് വരാം നീ നേരെ വീട്ടിലേയ്ക്ക് പൊയ്ക്കോ"

രേഖ ചേച്ചിയും ശങ്കുവും എവിടെ?
ടീച്ചറുടെ കണ്ണ് പോയ ഭാഗത്തേയ്ക്ക് ഞാന്‍ നോക്കി.
മരത്തിന്‍റെ തണലത്ത് നിന്ന് ശങ്കു എന്തൊക്കെയോ പറയുന്നു, ചേച്ചി കേട്ട് നില്‍ക്കുന്നു.

എന്ത് പറ്റി ഈ ചേച്ചിക്ക്.

ടീച്ചര്‍ അലസമായി നടന്നു. ആ കണ്ണുകളാകട്ടെ ആര്‍ക്കും കൂട്ടത്തിലെത്തിപ്പെടാനാവാത്ത വിധം വേഗത്തില്‍ അങ്ങുമിങ്ങുമായി പറന്ന് നടന്നു.

"സുധാ എസ് മേനോന്‍ " ഒരു അദ്ധ്യാപകന്‍ ഹാജര്‍ വിളിക്കുന്നത് പോലെയാരോ വിളിച്ചു.
എന്തൊരു സുന്ദരനാണിയാള്‍
"പ്രസന്‍റ് സാര്‍" കുട്ടികള്‍ ഹാജര്‍ പറയുന്നത്പോലെ ടീച്ചര്‍ പറഞ്ഞു.
എന്നിട്ട് ടീച്ചര്‍ പൊട്ടിച്ചിരിച്ചു.
"ആട്ടെ യുവകവിയെന്നാണ് അദ്ധ്യാപകനായത്"
" എപ്പൊഴും ചിലയ്ക്കുന്ന ലവ് ബേഡ്സിനെ പോലെ എന്നെ പഠിപ്പിക്കൂ എന്നെ പഠിപ്പിക്കൂ എന്ന് പറഞ്ഞു ഇളം പക്ഷികള്‍ പിന്നാലെ നടന്നാല്‍ ആരും അദ്ധ്യാപകനാകും സുധേ"

"അല്ല ഇതാരാ" എന്നെ നോക്കി സുന്ദരന്‍ ചോദിച്ചു.
ടീച്ചര്‍ എന്നെ ചേര്‍ത്തു പിടിച്ചു. എന്നീട്ട് എളിക്ക് കയ്യുംകൊടുത്ത് ചരിഞ്ഞു നിന്നു കുസൃതിയോടെ പറഞ്ഞു.
"എന്‍റെ എല്ലാമെല്ലാം"
"ഉവ്വോ" ആട്ടേ ഈ എല്ലാമെല്ലാമിന്‍റെ പേരെന്താ"

"മോനു" ടീച്ചര്‍ പറയാഞ്ഞത് കൊണ്ട് ഞാന്‍ പറഞ്ഞു.
മോനു, കടലിനെ നോക്കുന്ന നിലാവിനെ മോനു കണ്ടിട്ടുണ്ടോ"
ഞാനൊന്നും മിണ്ടിയില്ല. എനിക്കൊന്നും മനസ്സിലായില്ല
"ഇല്ലെങ്കില്‍ ടീച്ചറുടെ കണ്ണുകളില്‍ നോക്കു"
ഞാന്‍ നോക്കാന്‍ ശ്രമിച്ചിട്ടു കാണാന്‍ കഴിയുന്നില്ല.
ഭൂമിയ്ക്ക് മേലെയെവിടെയോ ആ കണ്ണുകള്‍ ധ്യാനത്തിലിരിക്കുന്നു
അദ്ദേഹം പൊട്ടിച്ചിരിച്ചു.
എന്തൊരു മണമാണ് ടീച്ചര്‍ക്ക്.

ഞാന്‍ ആകാശത്തേയ് നോക്കി.
മുകിലുകള്‍ അവിടെ ഒന്നായി ചേരുന്നതും
ചേര്‍ന്നു പറക്കുന്നതും
നീലിമയില്‍ അലിഞ്ഞു ചേരുന്നതും കണ്ടു.
തെളിഞ്ഞ നീലിമ മാത്രമായപ്പോള്‍ അതില്‍ നിന്നുമൊരു
വേണുഗാനമൊഴുകി വന്നു.

ഞാന്‍ ടീച്ചറെ തോണ്ടി ഞാന്‍ പടിഞ്ഞാറോട്ട് കൈ ചൂണ്ടി കാണിച്ചു.
ടീച്ചറുടെ നോട്ടം കണ്ട് അദ്ദേഹവും നോക്കി.
"വരേക്കാട്ടെ വീട്ടില്‍ താമസിക്കുന്ന എഞ്ചിനീയറുടെ മകള്‍ അല്ലെ അത്"

അതെ ലക്ഷ്മിപ്രഭ എന്‍റെ സ്റ്റുഡന്‍റ് ആണ്.

"നമസ്കാരം ടീച്ചര്‍"

"മോനു" അവള്‍ മൃദുവായി എന്നെ വിളിച്ചു.
ടീച്ചര്‍ കൂട്ടുകാരനെ പരിചയപ്പെടുത്തി.
"ഇത് മുരളീകൃഷ്ണന്‍ എന്‍റെ സീനിയര്‍ ആയിരുന്നു കവിതയൊക്കെ എഴുതും കേട്ടോ"
"അച്ഛനുമായി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്" എന്നായി പ്രഭ
ടീച്ചറും മുരളീകൃഷ്ണനുമായി എന്തൊക്കെയോ സംസാരിക്കുന്നു.
പ്രഭയെന്നോട് രഹസ്യമായി ചോദിച്ചു
"മോനു മാനിനെ കണ്ടിട്ടുണ്ടോ"
"സൂവില്‍ കണ്ടിട്ടുണ്ട്, സിനിമയിലും കണ്ടിട്ടുണ്ട്"

"വാ അപ്പുറത്തെ വീട്ടില്‍ രണ്ടെണ്ണത്തിനെ വളര്‍ത്തുന്നുണ്ട് അവിടെ മയിലും ഉണ്ട് കാണാന്‍ പോകാം "

ഞാന്‍ ഒന്നു ശങ്കിച്ചു ചുറ്റിനും നോക്കി

രേഖ ചേച്ചിയും ശങ്കുവും ഇവളെ കണ്ടുവോ?
ഞാന്‍ അവരെ തിരഞ്ഞു
ദൂരെ ഒരു കച്ചവടക്കാരന്‍റെ കയ്യില്‍ നിന്നും ഓടക്കുഴല്‍ വാങ്ങി വായിക്കുന്നു ശങ്കു. ചേച്ചി അത് നോക്കി നില്‍പ്പുണ്ട്
ഭാഗ്യം അവര്‍ പ്രഭയെ കണ്ടില്ല

പ്രഭയെന്നെ പതുക്കെ വിരലില്‍ പിടിച്ചു വലിച്ചു. "വാ മോനു നമുക്ക് മാനുകളെ കാണാം"
ഞാന്‍ അറിയാതെ തന്നെ
ടീച്ചര്‍ പോലും ശ്രദ്ധിക്കാതെ ഞാന്‍
പ്രഭയുടെ ശക്തിയാലെന്നവണ്ണം അങ്ങോട്ട് നീങ്ങി.
പോകും മുന്‍പ് ഞാന്‍ ആകാശത്തേയ്ക്ക് നോക്കി

ഈ മുകിലുകള്‍ എവിടെ നിന്നും വന്നു.
എന്തൊരു വേഗമാണവയ്ക്ക്
എത്രപെട്ടന്നാണവയില്‍ ചിലതൊക്കെ ചേര്‍ന്ന് ഒന്നായി മാറി നീലിമയില്‍ അലിയുന്നത്.

ഞാനും പ്രഭയും ഓടാന്‍ തുടങ്ങി.
മാനുകളെ കാണാന്‍.ധൃതമായി
ചിമ്മുമവയുടെ കണ്ണുകള്‍ കാണാന്‍.
മയിലുകളെ കാണാന്‍, പീലികളിലെയായിരമായിരം
കണ്ണുകളിലുറങ്ങും സ്വപ്നങ്ങള്‍ കാണാന്‍
ഞാനും പ്രഭയും പറന്ന് തുടങ്ങി.