Wednesday, May 6, 2009

ഉറക്കം

എത്ര മനോഹരമാണീ മുഖം.
ഇളം ചുരുള്‍ മുടികള്‍
ആ ചെറിയ പ്രകാശത്തിലും
കവിളത്തെ ഇള ചുവപ്പിനു നല്ല തിളക്കം
ഞാന്‍ ആകാശത്തേയ്ക്കു നോക്കി
എവിടെയിന്ദു.?
അവളൊന്നു തിരിഞ്ഞു നോക്കിയിരുന്നുവെങ്കില്‍
ഈ തുടുത്ത മുഖമൊന്നു കണ്ടേനെ.
അവള്‍ നല്ല ഉറക്കം.

കുഞ്ഞൊന്നു കണ്ണ് തുറന്നിരുന്നുവെങ്കില്‍.
വൈഡൂര്യത്തിളക്കമോ
ആകാശനീലിമയോ അതില്‍?

ഇളം ചുണ്ടുകളിലേയ്ക്ക് ഞാനുറ്റുനോക്കി
പുഞ്ചിരിക്കുന്നുണ്ടോ അവന്‍?
പുഷ്പങ്ങളെ കുറിച്ച്
അവയെ പ്രണയിക്കുന്ന ശലഭങ്ങളെ കുറിച്ച്
അവരെ ശല്യപ്പെടുത്തുന്ന തെന്നലിന്‍റെ കുസൃതിയെകുറിച്ച്
അമ്മയുടെ സ്നേഹത്തെ കുറിച്ച്
അതിലൂറുമമൃതിനെകുറിച്ച്
അച്ഛന്‍റെ വാത്സല്യത്തെകുറിച്ച്
മഞ്ഞിന്‍ കുളിരിനെ കുറിച്ച്
നിലവിന്‍ പ്രണയത്തെ കുറിച്ച്
രാവിന്‍ പരിഭവത്തെകുറിച്ച്
നാണത്തെ കുറിച്ച്
ഭൂമിയെകുറിച്ച്
ആകാശത്തെകുറിച്ച്
എല്ലാമെല്ലാമിനേയും കുറിച്ച്
മാലാഖമാര്‍ കുഞ്ഞുങ്ങളോട്
ഉറക്കത്തില്‍ പറയുമത്രേ
അവര്‍ അപ്പോള്‍ പുഞ്ചിരിക്കും
എവിടെ മാലാഖമാര്‍
അവര്‍ ഈ കുഞ്ഞിനോട് എന്തേ
ഇപ്പോളിതൊന്നും പറയാത്തത്
അവനൊന്നു പുഞ്ചിരിക്കുന്നത്
കാണാന്‍ എന്തൊരു കൊതി

അമ്മയ്ക്കുള്ളിലൊരുഭാഗമായി
കഴിയുമേകാന്ത വേളയില്‍
കളിക്കൂട്ടുകാരനായിരുന്ന
ദൈവത്തെ പിരിയുന്നതോര്‍ക്കുമ്പോള്‍
ഈ ഭൂമിയെ
ഈ ഇളം കാറ്റിനെ
ഈ നിലവിനെ
ഈ മണ്ണിനെ
ഇവിടെ കണ്ട സ്വപ്നങ്ങളെ
ഇവിടെ നേടിയ അറിവിനെ
ഇവിടെ വിട്ടുപോകുന്നതിനെകുറിച്ച്
മാലാഖമാര്‍ പറയുമ്പോള്‍
ഉറക്കത്തില്‍ കുഞ്ഞ് വിതുമ്പുമത്രേ

ഈ മുഖം വിതുമ്പിക്കാണാന്‍
അവരാഗ്രഹിക്കുന്നുണ്ടാകില്ല

എന്തൊരു ഭംഗിയാണീ മുഖം
എന്തൊരു മനോഹരം
എത്ര ശാന്തം
കണ്ണെടുക്കാനെ തോന്നുന്നില്ല

ഇരുകൈകളും നീട്ടി ഞാനവനെ
കുഴിയുടെ ഇരുവശമുള്ള മണ്ണ്
അവന്‍റെ ദേഹത്തു പറ്റാതെ
പതുക്കെ
പതുക്കെ
സൂക്ഷിച്ച്
കിടത്തി.

ഞാന്‍ ആകാശത്തേയ്ക്ക് നോക്കി
എവിടെയിന്ദു.?
മുകിലുകള്‍ക്കുള്ളില്‍ മുഖം പൊത്തി
കിടക്കുന്നുണ്ടാകും
പാവം കിടന്നോട്ടേ

1 comment:

Anonymous said...

ഞാന്‍ ആകാശത്തേയ്ക്ക് നോക്കി
എവിടെയിന്ദു.?
മുകിലുകള്‍ക്കുള്ളില്‍ മുഖം പൊത്തി
കിടക്കുന്നുണ്ടാകും
പാവം കിടന്നോട്ടേ

നല്ല വരികള്‍! നന്നായിരിക്കുന്നു!