Sunday, August 31, 2008

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം ഏഴ്

ഇനി എന്താകും ശങ്കുവിന്‍റെ ഭാവി പാവം ഇനി എന്നും അവന് തല്ല് കൊള്ളാനെ നേരം കാണൂ. കാട്ടാളമാത്തനാണ് ക്ലാസ്സ് ടീച്ചര്‍. എന്തു കൊണ്ടാണ് എന്നറിഞ്ഞില്ല ക്ലാസ്സ് റൂം മാറിയില്ല. . പകരം തോറ്റവര്‍ എഴുന്നേറ്റ് അടുത്ത ക്ലാസ്സിലേയ്ക്ക് പോകാന്‍ പറഞ്ഞു. രണ്ട് പേര് തോറ്റിരുന്നു. പക്ഷെ അവര്‍ വന്നില്ല.
വലിയ മാറ്റങ്ങള്‍ ഒന്നുമില്ലായിരുന്നു. സാര്‍ പേര് വിളിച്ചു. പ്രസന്‍റ് സാര്‍ പറഞ്ഞു എല്ലാവരും ഒരാളൊഴികെ . എന്‍റെ ശങ്കുവൊഴികെ എല്ലാവരും. അവസാനം സാര്‍ പറഞ്ഞു.
പുതിയ കുട്ടിയുടെ പേര് കുട്ടി തന്നെ പറയൂ.”ലക്ഷ്മി നവ പ്രഭ”. പ്രഭ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

എല്ലാ ദിവസവും കണക്കായിരിക്കുമോ ആദ്യ വിഷയം എന്നു ചോദിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷെ ചോദിക്കുന്ന കാര്യമോര്‍ത്തപ്പോളേ നാവ് വരണ്ടു.
സമയം ആകെ നനഞ്ഞ കടലാസ് വള്ളം പോലെ തളര്‍ന്നു കിടക്കുന്നു. സാറും ഇടയ്ക്കിടയ്ക്ക് വാച്ച് നോക്കുന്നുണ്ട്. കാട്ടാള മാത്തനെ മറന്ന പോലെ ക്ളാസ്സാകെ മര്‍മ്മരശബ്ദം. സാറും സ്വയം മറന്നത് പോലെ. സാധാരണ മേശമേല്‍ കൈ ചുരുട്ട് ഒരു ഇടിയാണ്. പക്ഷെ അതിന്‍റെ ആവശ്യം വരാറില്ല.

പെട്ടന്ന് അംബിക ചാടി എഴുന്നേറ്റു “സാര്‍” എന്നു നീട്ടി വിളിച്ചു. എന്തോ ഓര്‍ത്ത് നിന്ന കാട്ടാള മാത്തനും ഒന്നു ഞെട്ടിയുണര്‍ന്നു.
“എന്താ കൊച്ചെ” സാര്‍ കൊച്ചെ എന്നൊരു പെണ്‍കുട്ടിയെ വിളിച്ചാല്‍ അതിന്‍റെയര്‍ത്ഥം ദേഷ്യം കൊടുമുടിയില്‍ എത്തി എന്നാണ്. “എടാ”യെന്ന് ആണ്‍കുട്ടികളെ വിളിക്കുമെങ്കിലും ഒരിക്കലും പെണ്‍കുട്ടികളെ “എടീ”യെന്നു വിളിക്കില്ല.

“ങൂം എന്താ കീറിന്” സാറിന്‍റെ ചോദ്യം കേട്ട് അംബികയും ഒന്നു പരുങ്ങി.
കുശുംബിയാണ് അംബിക. ക്ളാസ്സില്‍ മോണിറ്റര്‍ അവളല്ലെങ്കിലും സംസാരിക്കുന്നവരുടെ പേരൊക്കെ അവള്‍ എഴുതി വെയ്ച്ച് ടീച്ചര്‍ക്ക് കൊടുക്കും. ക്ലാസ്സ് പരീക്ഷ സമയത്താണ് അംബികയുടെ വിളയാട്ട് കൂടുതല്‍ “സാര്‍
ഈ കുട്ടി കാണിച്ചു കൊടുക്കുന്നു, ആ കുട്ടി എത്തി നോക്കുന്നു” എന്നൊക്കെ.

“ഈ കുട്ടി പാടുന്നു” പ്രഭയെ തൊട്ട് കാണിച്ചുകൊണ്ട് അംബിക പറഞ്ഞു.
ഇപ്രാവശ്യം എല്ലാവരും ഞെട്ടി. കാട്ടാളമാത്തന് സംഗീതം പഠിപ്പിക്കുന്ന സുലോചന ടീച്ചറെ വരെ ദേഷ്യമാണ്. പാവം സുലോചന ടീച്ചര്‍. ഇങ്ങേര് കാരണം സംഗീത ക്ളാസ്സിപ്പോള്‍ പ്രധാന കെട്ടിടത്തിന് പുറത്തുള്ള ഷെഡ്ഡില്‍ ആണ്.

സാര്‍ അടുത്ത് വന്നു.
“കുട്ടി പാടുമോ”
കണ്ണടയ്ക്കാന്‍ പോലും പേടിച്ച് ഞാനിരുന്നു. ഒരു ഉറുമ്പ് തുമ്മിയാല്‍ ഇടിവെട്ടായി കേള്‍ക്കുന്ന നിശബ്ദത.
“ഇടയ്ക്ക് വല്ലപ്പോഴും” പ്രഭ അക്ഷോഭ്യയായി പറഞ്ഞു.
“എന്നാല്‍ പാട് കേള്‍ക്കട്ടെ”

“കാഞ്ചി രെ കാഞ്ചി രെ, പ്രീത് മേരി സാഛി
റുക് ജാ ന ജാ ദില്‍ തോട് കെ”

രണ്ട് വരി പാടി നിര്‍ത്ത് അവള്‍ സാറിനെ നോക്കി. സാറവളെ ചേര്‍ത്ത് പിടിച്ച് മേശയ്ക്ക് അടുത്ത് കൊണ്ട് പോയി നിര്‍ത്തി. എന്നിട്ട് നടന്ന് വന്ന് ക്ളാസ്സിലെ ഏറ്റവും പുറകില്‍ നിന്നിട്ട് പ്രഭയോട് പാടാന്‍ ആംഗ്യം കാണിച്ചു.
പ്രഭ പാടി. മണിയടിച്ചതും മറ്റ് ക്ളാസ്സിലെ റ്റീച്ചര്‍മാരുള്‍പ്പെടെ വാതില്‍ക്കല്‍ വന്നു നോക്കിനീന്നതുമൊന്നും ഞങ്ങള്‍ അറിഞ്ഞില്ല.
പാടി തീര്‍ന്നപ്പോള്‍ എല്ലാവരും കയ്യടിച്ചു. മാത്തന്‍ സാര്‍ അടുത്ത് ചെന്ന് വലത് കൈ വെച്ച് പ്രഭയുടെ തലയിലൊന്ന് തട്ടി.
എന്നിട്ട് പറഞ്ഞു
“വല്ലപ്പോഴും പോലും, അതിന് വലിയ കിളവിയൊന്നുമല്ലല്ലൊ കുട്ടി”
സാര്‍ ക്ളാസ്സ് റൂം വിട്ടതോടെ പ്രഭയ്ക്കു ചുറ്റും പെണ്‍കുട്ടികള്‍ കൂടി.

ഞാന്‍ നേരെ സ്റ്റാഫ് റൂമിലേയ്ക്ക് ഓടി ചെന്നു.

സുധറ്റീച്ചര്‍ അവിടെ എത്തിയിരുന്നില്ല പക്ഷെ ഞാന്‍ തിരികെ ക്ലാസ്സിലേയ്ക്ക് വരുമ്പോള്‍ ടീച്ചറെ കണ്ടു.
“മോനു ദൂരെയെങ്ങും പോകല്ലെ എനിയ്ക്കിത്തിരി കൂടി പണിയുണ്ടേ ഞാനതിപ്പോ തീര്‍ത്തിട്ട് വരാം”
“വേണ്ടാ ഞാന്‍ പൊയ്ക്കോളാം” ഞാന്‍ പറഞ്ഞു
“അയ്യൊ അതു വേണ്ടാ ശങ്കുവും രേഖയും ഇല്ലല്ലൊ ഇന്ന്, വേണ്ടാ മോനു ഞാന്‍ വന്നിട്ട് പോയാല്‍ മതി”
“ഇല്ല ചേച്ചി കൂട്ടുണ്ട്” ആരും അടുത്തില്ലാത്തപ്പോള്‍ ഞാന്‍ ചേച്ചിയെന്നു വിളിക്കാറുണ്ട്
“ഇന്നെന്ത് പറ്റി മോനു നിനക്ക്”
പറഞ്ഞു തീര്‍ന്നില്ല പ്യൂണ്‍ വന്ന് ടീച്ചറിനെ ഹെഡ് മിസ്ട്രസ്സ് വിളിക്കുന്നു വെന്ന് പറഞ്ഞു പിന്നെ ടീച്ചര്‍ കൂടുതല്‍ ഒന്നും പറയാതെ ഓഫീസിലേയ്ക്ക് പോയി.

ഞാന്‍ നേരെ ക്ളാസിലേയ്ക്ക് ചെന്നു. പെട്ടി എടുക്കണം ആരേയും കണ്ടില്ലെങ്കില്‍ ആ കുശുംബി അംബിക അത് കൊണ്ട് പോയി ഗെയിംസ് റൂമില്‍ വെയ്ക്കും. സുധ ടീച്ചറുള്ളത് കൊണ്ട് ഫൈന്‍ അടയ്ക്കണ്ട.
ഞാന്‍ പെട്ടന്ന് നിന്നു.

“ദാ മോനൂ നോക്കൂ”
ഞാന്‍ ശ്രദ്ധിച്ചു നോക്കി
ഒരു പൊട്ടായി തുടങ്ങി ഒരു മലയായി മാറി എന്നിലലിഞ്ഞു ചേര്‍ന്നു കോടാനുകോടി നക്ഷ്ത്രങ്ങളുടെ ഒരു കൂമ്പാരം.


“മോനു പുസ്തകം വാങ്ങിയൊ” പ്രഭയാണ് മുന്നില്‍
“ഇല്ല ടീച്ചര്‍ വാങ്ങും” ഞാന്‍ പതുക്കെ പറഞ്ഞു.
എവിടെ ആ മല ഞാന്‍ ചുറ്റും നോക്കി
“എന്‍റെ മോനു, ഇങ്ങനെ ദിവാസ്വപ്നം കാണല്ലേ വാ നമുക്ക് നടക്കാം മോനുവിന്‍റെ പെട്ടി ടീച്ചര്‍ കൊണ്ടുവരുമെന്നു പറഞ്ഞു പ്യൂണ്‍ കൊണ്ടുപോയി.”

നന്നായി അല്ലെങ്കില്‍ മറ്റ് പിള്ളാരതില്‍ കല്ലെറിയും.
“സ്വപ്നം കാണാറുണ്ടൊ” ഞാന്‍ ചോദിച്ചു.
“ആര് ” പ്രഭയുടെ ചോദ്യത്തിന് ഒരല്‍പ്പം താമസിച്ചാണ് ഞാന്‍ മറുപടി പറഞ്ഞത്.
“കുട്ടി”
“കുട്ടിയോ” “എന്‍റെ മോനു, എന്‍റെ പേര് പ്രഭയെന്നാണ്”
“ആരും കേള്‍ക്കണ്ടാ ഇവിടെ പെണ്‍കുട്ടികളെ കുട്ടീന്നെ ആണ്‍കുട്ടികള്‍ വിളിക്കൂ”
“ആയിക്കോട്ടെ പക്ഷെ മോനു എന്നെ പ്രഭയെന്ന് വിളിച്ചാല്‍ മതി എന്താ പറ്റുമോ”
ഞാന്‍ ആലോചിച്ചു. എന്താ പറ്റായ്ക
“വേണ്ട വേണ്ട ഇനി അതിന് വേണ്ടി ഒരു സ്വപ്നം കാണേണ്ട”
അതു പോട്ടെ മോനു ചോദിച്ചില്ലെ ഞാന്‍ സ്വപ്നം കാണാറുണ്ടോയെന്ന്”

ഒരു നിമിഷമെങ്കിലും പ്രഭ നിശബ്ദയായി.

ഞങ്ങള്‍ സ്കൂളിന്‍റെ പുറകിലുള്ള വാതിലിനടുത്തെത്തി
“ദാ എന്നെ കൊണ്ട് പോകാന്‍ റിക്ഷ വന്നു” പ്രഭ പറഞ്ഞു.
“മോനു എങ്ങിനെ പോകും”
“ഓടിപ്പോകും ഇവിടെയടുത്താണ് വീട്” എന്‍റേയും ശങ്കുവിന്‍റേയും രേഖചേച്ചിയുടെയും ടീച്ചറിന്‍റേയും”
പ്രഭ ചിരിച്ചു കൊണ്ട് റിക്ഷായില്‍ കയറി.


“അവള്‍ എന്നെ പോലെ സ്വപ്നം കാണാറുണ്ടോ” ഞാന്‍ ചോദിച്ചതല്‍പ്പം ഉച്ചത്തിലായി.
“ആരെക്കുറിച്ചാണ് മോനു ചോദിച്ചെ” ഞാന്‍ നോക്കി വാല്‍കുലുക്കി പക്ഷിയാണ്.
“നിന്നോടല്ല ചോദിച്ചത്” എനിക്കതിനോട് നീരസം തോന്നി
എന്‍റെ ഉത്തരം രസിക്കാതെ ആ പക്ഷി വാല്‍ കുലുക്കി പറന്നുയര്‍ന്നു.

അപ്പോള്‍ മഞ്ഞ കോളാമ്പിപ്പൂവെന്നോടൊരു രഹസ്യം പറഞ്ഞു.
“പോകുന്ന വഴി അമ്പല മുറ്റത്തെ ചെമ്പരത്തിപ്പൂവിനോട് ചോദിച്ചുനോക്ക്, അവള്‍ക്കറിയാം എല്ലാം.”

എവിടെ ഛന്നം പിന്നം പെയ്ത മഴ
ആകാശം മനോഹരമായ ഇളം നീലനിറം.

മഴ മാറിയതിന്‍റെ സന്തോഷം എല്ലായിടത്തും. എന്തൊരു പാട്ടും ബഹളവുമാണീ പക്ഷികള്‍. എവിടെ പാട്ടും ബഹളവുമുണ്ടോ അവിടെയെല്ലാമീ കാറ്റുമുണ്ട്. വഷളന്‍.
ഞാന്‍ അമ്പലമുറ്റത്തെത്തി.

ഞാന്‍ ചെമ്പരത്തിപ്പൂവിനെതേടിയെത്തി കൂട്ടുകാരികളുമായി ആടിതിമിര്‍ക്കുകാണവള്‍.

എന്നെ കണ്ടവള്‍ നൃത്തച്ചുവടോടെയടുത്തു വന്നു.

“അവള്‍ സ്വപ്നം കാണുമോ”
അവളെന്‍റെയടുത്തു വന്നു സ്നേഹത്തോടെയെന്‍റെ മുടിയില്‍ പിടിച്ച് എന്‍റെ നെറ്റിയവളുടെ നെറ്റിയില്‍‍ മുട്ടിച്ചുകൊണ്ട് പറഞ്ഞു.

“മോനു, എല്ലാ പെണ്‍കുട്ടികളും സ്വപ്നം കാണും” “അതു കൊണ്ട് പ്രഭയും സ്വപ്നം കാണും”
ഒന്നു നിര്‍ത്തിയിട്ട് ആ ചെമ്പരത്തിപ്പൂവെന്നോട് പറഞ്ഞു.
ഒരു പാട് നിറങ്ങള്‍ ഉള്ള സ്വപ്നങ്ങള്‍
കോടാനുകോടി നിറങ്ങള്‍ ഉള്ള സ്വപ്നങ്ങള്‍
മനുഷ്യരാരും കാണാത്ത നിറങ്ങള്‍ ഒഴുകുന്ന നദിക്കരയില്‍
ഒരു നിലാവത്ത്,
സ്വപ്നങ്ങള്‍ ഒന്നൊന്നായി വന്നവളെ പുണരും
അവളായി തന്നെ മാറി ആ സ്വപ്നങ്ങളവള്‍ക്ക്
നിറം പകരും.
അപ്പോള്‍
ഏഴാകാശവും തുറന്ന് അനന്തകോടി നക്ഷത്രങ്ങളും
അത്രത്തോളമിരട്ടി മാലാഖമാരും അവള്‍ക്ക്
തോഴിമാരായി മാറും.
അവള്‍ അവളായി മാറും

ഇത്രയും പറഞ്ഞിട്ടെന്‍റെ കണ്ണുകളിലേയ്ക്ക് നോക്കിനിന്നിട്ട് പൊട്ടിചിരിച്ചുകൊണ്ടാ ചെമ്പരത്തിപ്പൂവെന്‍റെ മുടിയിലെ പിടിവിട്ടു വീണ്ടും നൃത്തത്തിലേയ്ക്ക് തിരിഞ്ഞു.

പോകും വഴിയെന്നോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു
“പ്രഭയോടെന്‍റെ അന്വേഷണം പറയണേ”

ഞാന്‍ വീട്ടിലേയ്ക്കോടി,
വഴിയില്‍ കണ്ട എല്ലാ പൂക്കളോടും
പറവകളോടും
മരങ്ങളോടുമെല്ലാം ഞാന്‍ പറഞ്ഞു

ഞാനൊരു മഴത്തുള്ളിയെ കണ്ടെന്നു.
ആരും കാണാത്ത നിറമുള്ള
സ്വപ്നം കാണുന്ന മഴത്തുള്ളിയെ

അവരത് പാട്ടായി മാറ്റി എല്ലായിടത്തും പാടാനായി കാറ്റിനെയേല്‍പ്പിച്ചു.

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം ആറ്

എന്തൊരു തണുപ്പ്.
ജനല്‍ ചെറുതായൊന്നു തുറന്നു നോക്കി. ചന്നം പിന്നം മഴ. നിറഞ്ഞ് തുളുമ്പി കിടക്കുന്ന കുളത്തില്‍ മഴതുള്ളികള്‍ വന്നു വീഴുന്നത് കാണാന്‍ നല്ല രസമുണ്ട്. ചരിഞ്ഞാണ് മഴ പെയ്യുന്നത്. അടുക്കള വാതില്‍ തുറന്നോയെന്നറിയില്ല പക്ഷെ അതിന്‍ മുന്നില്‍ രണ്ട് താറാവുകള്‍ ഹാജരുണ്ട്. ഇളയ അനിയന്‍റെ വകയാണ്. അവന്‍ എവിടെ പോയാലും കൂടെ ഉണ്ടാകും. പറമ്പിലെ ഏതെങ്കിലും മരത്തിന്‍റെ ചെറിയ കവട്ടയില്‍ അവനുണ്ടാകും, താഴെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ “താറാ സെക്യൂരിറ്റി”കളും.
ഇന്നെങ്ങിനെയായിരിക്കും സ്കൂളില്‍ പോകുക. ആദ്യം എന്നെ അമ്മൂമ്മയുടെ അടുത്തെത്തിക്കുമോ അതോ നേരില്‍ സ്കൂളില്‍ കൊണ്ട് പോകുമോ? അയ്യോ ഞാന്‍ സൂക്ഷിച്ചു വെച്ചിരുക്കുന്ന സാധനങ്ങള്‍.?
അമ്മ വിളിക്കുന്നുവെന്നു ആരോ പറഞ്ഞു.

“മോനു ചായ കുടിച്ചിട്ട് പോയി കുളിക്ക്” അമ്മ പറഞ്ഞത് കേട്ട് ഞാന്‍ പതുക്കെ പിന്നാമ്പുറത്തേയ്ക്ക് നടന്നു. അവിടെയാകെ കലപില ശബ്ദം. അമ്മാവന്‍റെ മക്കളും അനിയന്‍മാരും നിരനിരയായി നില്‍ക്കുന്നു. ചൂട് വെള്ളം തയ്യാറാക്കലും കുളിപ്പിക്കലും ഒരു ജോലിക്കാരിയുടെ നേതൃത്വത്തില്‍ ആണ്.

ഇതെല്ലാം കഴിഞ്ഞ് ഞാന്‍ എന്ന് കുളിക്കാന്‍. തോര്‍ത്തുടുത്ത് നേരെ പാത്തിയുടെ കീഴെ നിന്നു, തുമ്പിക്കൈ വണ്ണത്തില്‍ വെള്ളം കുത്തിയൊലിച്ച് വരുന്ന വലിയ പാത്തിയാണ്. ആദ്യം ആകെ എന്തോ പോലെ തോന്നി പിന്നെ മനോഹരമായ ഒരു സുഖം.

ആരോ കണ്ടു ഞാന്‍ പാത്തിക്കടിയില്‍ നില്‍ക്കുന്നത്. അവര്‍ അമ്മയെ വിളിച്ചു.
“മോനൂ അല്ലേലും പനിക്കാലമാ അതിന്‍റെ കൂടെ കോച്ചിപിടിക്കുന്ന വെള്ളത്തിലെ കുളിയും കേറിങ്ങോട്ട്.”
ഇതു കേട്ടുകൊണ്ട് മൂത്ത അമ്മാവന്‍ ഇറങ്ങി വന്നു. പുള്ളിക്കാരനിത്` രസിച്ചു.
“ഒരിയ്ക്കെലെങ്കിലും ഇതൊക്കെ അനുഭവിക്കണം കൊച്ചേ അതിന്‍റെ പേരില്‍ പനി വന്നാല്‍ നമുക്ക് ചികിത്സിക്കാം അതിനല്ലെ മൂന്നെണ്ണം കൊഴലും തൂക്കി നടക്കുന്നത്.”
എന്നിട്ടേന്നോടായി പറഞ്ഞു
“പണ്ട് ഞങ്ങളും ഇങ്ങിനെ ചെയ്തിട്ടുണ്ട് അന്നെ നിന്‍റെയമ്മയ്ക്ക് അസൂയയാ”

ഞാന്‍ മഴയെ നോക്കാന്‍ ശ്രമിച്ചു. അത് കണ്ടാകണം അമ്മാവന്‍ പറഞ്ഞു
“വേണ്ടാ വെള്ളം പൊറത്ത് വീണാല്‍ മതി മേലേന്നു വല്ല ഓടിങ്കഷണമോ മറ്റോ ഒലിച്ച് വന്നാലോ”
അതോടെ കുളി മതിയാക്കി ഞാന്‍ കയറി.

ഒരല്‍പ്പം നേരത്തെ തന്നെ എന്നെ കൊണ്ട് പോകാന്‍ മറ്റൊരമ്മാവന്‍ എത്തി. അമ്മൂമ്മയുടെ വീട്ടില്‍ താമസിക്കുന്ന രണ്ട് പേരില്‍ ഒരാള്‍. മറ്റൊരാള്‍ അതിനടുത്ത് തന്നെ താമസം. വേറെയൊരാള്‍ ഇടയ്ക്കോക്കെയേ വീട്ടില്‍ വരൂ. പെണ്ണൊന്നും കെട്ടിയിട്ടില്ല. ശങ്കു പറയും

“പുട്ടിനു തേങ്ങാപ്പീര പോലാ മോനൂന് അമ്മാവന്‍മാര്”
“അതിന്` നിനക്കില്ലാത്തതു കൊണ്ടല്ലെ” രേഖചേച്ചി ചൊടിക്കും
ശങ്കുവിന്` ഒരു പിടിവള്ളിയാണത്
“ദാ ബാക്കിയൊള്ളതൊക്കെ അവിടെയൊണ്ട്”
ശരിയാണ് ,ചേച്ചിയ്ക്കും അമ്മാവന്‍മാര്‍ ധാരാളം.

അമ്മാവന്‍ ആശുപത്രിയില്‍ ഇറങ്ങിയിട്ട് എന്നെ പോലീസ് ജീപ്പില്‍ സ്കൂളിലേയ്ക്ക് വിട്ടു. പെട്ടിയും പ്രമാണവും അമ്മൂമ്മയുടെ വീട്ടില്‍ എത്തിക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പോലീസ് ജീപ്പില്‍ സ്കൂളില്‍ ചെന്നിറങ്ങുന്നതില്‍ വലിയ ഒരു ത്രില്ല് ഒക്കെയുണ്ട്.

ഞാന്‍ ക്ളാസ്സിലെത്തി ആദ്യം നോക്കിയത് ശങ്കുവിനെയാണ്. എവിടെ എന്‍റെ ശങ്കു. ഇനി വീണ്ടും തോറ്റോ? ഹേയ് അത് വരില്ല സുധ ടീച്ചര്‍ പ്രത്യേകം ഇരുത്തി പഠിപ്പിച്ചതാണ്. പലരും വന്ന് ചോദിച്ചു ശങ്കുവിനെ. ഞാന്‍ ഒന്‍പതില്‍ എത്തി. അവിടെ രേഖ ചേച്ചിയുമില്ല . എന്തു പറ്റി ഇവര്‍ക്ക്. സ്കൂള്‍ തുറന്നത് അറിഞ്ഞില്ലേ. അതെങ്ങിനെ? ടീച്ചര്‍ പറയുമല്ലോ?

തിരിച്ച് ഞാന്‍ ക്ലാസ്സിനു മുന്നില്‍ നിന്നു. ഈ വര്‍ഷം ആരായിരിക്കും ക്ളാസ്സ് ടീച്ചര്‍.

ഇവിടെ നിന്ന് നോക്കിയാല്‍ വരാന്തയുടെ അങ്ങേയറ്റത്തെ വളവ് തിരിഞ്ഞ് സുധ ടീച്ചര്‍‍ വരുന്നത് കാണാം. ചിലപ്പൊളൊക്കെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. എന്തു ഭംഗിയാണപ്പോള്‍ ടീച്ചറിന്.

“ഹെയ് മോനൂ, നിന്‍റെ ടീച്ചര്‍ പറഞ്ഞു നീ സ്റ്റാഫ് റൂമില്‍ ചെല്ലാന്‍” രാജമ്മ മിസ്സ് ആണ്.

അയ്യോ മണി അടിയ്ക്കാറായല്ലൊ ഞാന്‍ ഓടി സ്റ്റാഫ് റൂമിലേയ്ക്ക്. വളവ് തിരിഞ്ഞ് ഞാന്‍ പെട്ടെന്ന് നിന്നു.

സുധ ടിച്ചറുടെ മുഖമുള്ള മാലാഖ കൊണ്ട് വന്നു തന്ന മഴത്തുള്ളിയോട് ഞാന്‍ ചോദിച്ചു.
“നിങ്ങളുടെ നാട്ടില്‍ നിറങ്ങളുണ്ടോ”
“ഉണ്ടല്ലോ”
“എത്ര”
“ഒരുപാട്”
“ഏതാ ഏറ്റവും നല്ല നിറം”
“നിറമില്ലാത്തതാണ് നല്ലത് അപ്പോള്‍ അതില്‍ ലോകം മുഴുവന്‍ കാണാം”
“നിന്‍റെ മുഖത്തും കാണാമല്ലൊ ലോകം മുഴുവന്‍”
“അതു ലോകമല്ല”
“പിന്നെ,”
“നീ കാണുന്നത് നിന്നെയാണ്”


“സ്വപ്നം കാണാതെ മോനൂ” ഞാന്‍ ഞെട്ടിയുണര്‍ന്നു
ടീച്ചറും ചിരിച്ചു അവിടെ നടന്നെത്തിയ രാജഗോപാല്‍ സാറും ചിരിച്ചു. പക്ഷെ …
“ദാ ക്ളാസ്സിലേയ്ക്ക് പൊയ്ക്കോളു ഒരു പുതിയ കൂട്ടുണ്ട്.”

“ശങ്കു എവിടെ”
“അവന് വസൂരിയാ അഞ്ചാം പനിയാണെന്നാണ് വിചാരിച്ചിരുന്നത് അമ്മാവന്‍ ഒന്നും പറഞ്ഞില്ലെ പാവം ആശുപത്രിയിലാണ്”
ചോദിക്കുന്നതിന് മുന്‍പ് തന്നെ ടീച്ചര്‍ പറഞ്ഞു
“രേഖ ഇന്നു വന്നില്ല അവള്‍ അമ്മേടെ കൂടെയാണ്”

“എവിടെ ആള്” ടീച്ചര്‍ ചോദിച്ചിട്ട് തിരിഞ്ഞു നോക്കി.
“ഇങ്ങു വരൂ” ഞാന്‍ നോക്കി
മഴയ്ത്തേയ്ക്ക് കയ്യും നീട്ടി അതില്‍ നിന്നും തെറിച്ചു വീഴുന്ന വെള്ളം മുഖത്തേയ്ക്ക് വീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടി.
ടീച്ചര്‍ വിളിയ്ക്കുന്നതും കേട്ട് അവള്‍ അടുത്ത് വന്നു.
“ദാ മോനൂ, ഈ കുട്ടിയെകൂടി ക്ലാസ്സിലേയ്ക്ക് കൊണ്ട് പൊയ്ക്കോളൂ”
ഈ ടീച്ചര്‍ എന്താ ഒന്നുമറിയാത്തതുപോലെ. ഇതാരെങ്കിലും കണ്ടാല്‍. സാധാരണ സ്കൂളിന്‍റെ പടി കഴിഞ്ഞാല്‍ ഞാനും ശങ്കുവും രേഖചേച്ചിയോടുപോലും കൂടുതല്‍ സംസാരിക്കില്ല
സ്വപ്നം കാണാതെ മോനൂ ദേ സെക്കണ്ട് ബെല്ല് അടിച്ചു.
ഞാന്‍ പതുക്കെ തിരിഞ്ഞു നടന്നു.
“മോനൂ, എന്താ ഇത് മോനൂ, “ടീച്ചര്‍ അക്ഷമയായി” മോനു എന്താ മാനേഴ്സ് കാണിക്കാത്തത്” പേരെന്താ ചോദിക്കാതിരുന്നത്”

ഞങ്ങള്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ടീച്ചര്‍ ഓടി.

ഞാന്‍ ക്ലാസ്സിനു നേരെ നടന്നു.
“സുധ ടീച്ചര്‍ക്കത്രയ്ക്കിഷ്ടമാണോ ” ആ കുട്ടി ചോദിച്ചു.
“ആരെ”
ഇയാളെ എന്നര്‍ത്ഥത്തില്‍ തലകൊണ്ട് എന്‍റെ നേരെ കാണിച്ചു.
എനിയ്ക്കഭിമാനം തോന്നി, വളരെ വളരെ.
എന്നാലും ഞാനൊന്നും പറഞ്ഞില്ല

അയ്യോ ടീച്ചര്‍ പറഞ്ഞത് പോലെ ഞാന്‍ മാനേഴ്സ് മറന്നു.

“എന്താ പേര്”
“ആരുടെ”
ഇയാളുടെ എന്നര്‍ത്ഥത്തില്‍ തലകൊണ്ട് ഞാന്‍ കാണിച്ചു
“”പകരം വീട്ടിയതാണല്ലെ” എന്നീട്ട് കിലുകിലുങ്ങനെ പൊട്ടിച്ചിരിച്ചു.
ഞാന്‍ ഒരല്‍പ്പം ഇളിഭ്യനായതു പോലെ. എന്നാലും ചുറ്റുമുള്ള ക്ളാസ്സുകളിലെ കുട്ടികളുമൊക്കെ കാണ്‍കെ ഞങ്ങള്‍ നടന്നു.
ക്ലാസ്സിന്‍റെ മുന്നില്‍ എത്തുന്നത് വരെ പിന്നെയൊന്നും പറഞ്ഞില്ല
ക്ലാസ്സിനടുത്തെത്തിയപ്പോഴേയ്ക്കും ഞാന്‍ ഞെട്ടി
കാട്ടാളമാത്തന്‍ മഴയും നോക്കി നില്‍ക്കുന്നു. കണക്ക് സാറാണ്. ഓടിക്കളഞ്ഞാലോയെന്ന് തോന്നി. ഇന്നാള് പത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും മരത്തിന്‍റെയടുത്ത് നിന്ന് സംസാരിച്ചതിന് കാട്ടാളന്‍ അടിച്ച അടി. സുധടീച്ചറുടെ പേരൊന്നും ഇവിടെയേല്‍ക്കില്ല ടീച്ചറേയും പഠിപ്പിച്ചിട്ടുണ്ട് കാട്ടാളന്‍.

ഏതായാലും ക്ളാസ്സില്‍ കയറണമല്ലൊ. കൃത്യം ഞങ്ങള്‍ ക്ളാസ്സിന് മുന്നിലെത്തിയതും കാട്ടാളന്‍ തിരിഞ്ഞു നോക്കി.

“പുതിയ അഡ്മിഷന്‍ ആണല്ലെ” അയാള്‍ ആ കുട്ടിയോട് ചോദിച്ചു.
“സുധയുടെ ഗാങ്ങില്‍ ഒരാള്‍ കൂടെ അല്ലേടോ” എന്നിട്ട് പൊട്ടിച്ചിരിച്ചു.
പെട്ടന്ന് ചിരി നിര്‍ത്തി പറഞ്ഞു
“ഇവന്‍ കൊഴപ്പമില്ല, ഒരൊറക്കം തൂങ്ങിയാണ് പക്ഷെ ഇവന്‍റെ കൂടെയൊരെണ്ണം ഉണ്ട്, ഇരുമ്പും തുരുമ്പാക്കുന്നവന്‍, ശശാങ്കന്‍, സൂക്ഷിക്കണം അവനെ, ങും പൊയ്ക്കോളൂ”

ക്ളാസ്സില്‍ കയറുന്നതിന് മുന്‍പ് ആ കുട്ടി പറഞ്ഞു.
” നവ പ്രഭ”
” ലക്ഷ്മീ നവ പ്രഭ അതാണെന്‍റെ പേര്”

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു.
“ഒറക്കം തൂങ്ങിയൊന്നുമല്ലാ മോനു, അതുകൊണ്ട് എന്നെ പ്രഭയെന്നു വിളിച്ചോളൂ”

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം അഞ്ച്

സ്കൂള്‍ തുറക്കുന്നതും കാത്ത് കാത്ത് ഞാനിരുന്നു. പലതായിരുന്നു കാരണം. ശങ്കുവിനെ, രേഖചേച്ചിയെ, സുധടീച്ചറെ ഇവരെയാരേയും ഞാന്‍ രണ്ടു മൂന്നാഴ്ചയായി കണ്ടിട്ടില്ല.
പിന്നെയുമുണ്ട് കാരണങ്ങള്‍. ചില സാധനങ്ങള്‍, ചിലത് കൂട്ടുകാര്‍ക്കും കൂടി നല്‍കാനുള്ളത്. ചിലതവരെ കാണിക്കാന്‍ മാത്രമുള്ളത്. മിക്കതും അച്ഛന്‍ കൊടുത്തു വിട്ടതാണ്. ചിലത് ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചത് ( പറമ്പില്‍ നിന്നും, അല്ലാതെവിടെനിന്നാണ് ). ചിലത് ശങ്കുവിന്. ചിലത് ടീച്ചറിന്. ഒരെണ്ണം രേഖചേച്ചിയ്ക്ക്.
വിവിധ നിറത്തിലും രൂപത്തിലുമുള്ള കല്ലുകള്‍, ടീച്ചര്‍ക്കിഷ്ടമാണ്. മഴയൊന്ന് അടങ്ങുമ്പോള്‍ പറമ്പായ പറമ്പൊക്കെ നടന്ന് കല്ലുകള്‍ ധാരാളം കണ്ടെത്തി. ചിലതൊക്കെ അനിയന്‍മാര്‍ക്കും അനിയത്തിക്കും കൊടുത്തു. ഇതുപോലുള്ളതൊന്നും ശങ്കുവിനു വേണ്ട. കൊടുത്താലും പറയും, ” എനിയ്ക്കുള്ളത് ഞാന്‍ തന്നെ തപ്പിയെടുത്തോളാം”. പെങ്കുട്ട്യോള്‍ക്കു എല്ലാം സമ്മാനമായി കിട്ടാനാ ഇഷ്ടം, എന്നെ പോലുള്ള വീരശൂര പരാക്രമികള്‍ എല്ലാം സ്വയം നേടിയെടുക്കും”. അതോടെ കേട്ടിരിക്കുന്ന ടീച്ചറും
ചേച്ചിയും ഒന്നാകും. കേട്ടതൊന്നും മനസ്സിലായില്ലെങ്കിലും “മോനു, ഓടിക്കോടാ” എന്നു പറയുമ്പോള്‍ ഒരു വീരശൂരപരാക്രമിയാകാനുള്ള അതിയായ മോഹം കൊണ്ട് ഞാനും ഓടും.

രേഖചേച്ചിയ്ക്ക് മയില്‍പ്പീലിയോട് ഒരു തരം ഭ്രാന്ത് തന്നെയാണ്. ആരുടെ കയ്യില്‍ ഇരുന്നാലും അവരോട് കെഞ്ചി അത് വാങ്ങും. ഒരു ദിവസം വീട്ടില്‍ ഏതോ മരുന്ന് കച്ചവടക്കാര്‍ വന്നു. അവരുടെ കൂടെ ചത്ത മയിലുകള്‍ ധാരാളം. ചേച്ചിയുടെ കയ്യില്‍ കണ്ടിട്ടില്ലാത്തത്ര നീളമുള്ള പീലികള്‍. എങ്ങിനെ ഒരെണ്ണം കിട്ടും. ഞാനതില്‍ തന്നെ നോക്കി നില്‍ക്കുന്നത് മൂത്ത അമ്മാവന്‍ കണ്ടു. കൂടുതല്‍ ഒന്നും ചോദിച്ചില്ല
“വേണോ”
“ങും”
“എടൈ കോടാങ്കി അന്ത മയിലോടെ പീലിയെല്ലാം കൊളന്തൈക്ക് കൊട്”
“അതു വന്ത്….”
“മുതലാളിയോട് തിരിച്ചു പറയുന്നോടാ” എന്നായി അവിടെ നിന്ന ജോലിക്കാര്‍.

പിന്നെ എല്ലാം എളുപ്പം പീലിയില്ലാത്ത ഒരു മയിലുമായി കോടാങ്കികള്‍ തിരിച്ചു പോയി.
“അതിനെയിനി മയിലാണെന്നും പറഞ്ഞ് കാണിച്ചാല്‍ ആരെങ്കിലും വിശ്വസിക്കുമോ” അനിയത്തി പതുക്കെ ചോദിച്ചു.
എനിയ്ക്ക് സങ്കടമായി. എന്തു ചെയ്യുമെന്ന് ഓര്‍ത്ത് നില്‍ക്കുമ്പോള്‍ അവള്‍ അടുത്ത് വന്നതില്‍ നിന്നും ഒരെണ്ണം എടുത്തു.
“വേറെയുമുണ്ടല്ലൊ അവരുടെ കയ്യില്‍. അതു കൊണ്ട് കൊഴപ്പമില്ല”
മയിലുകള്‍ കൂട്ടമായി വന്ന് അമ്മാവന്‍റെ തലയിലെ മുടിയെല്ലാം പറിച്ചെടുക്കാന്‍ ഇട്ട് ഓടിക്കുന്നത് കണ്ട് ഞാന്‍ സത്യത്തില്‍ പൊട്ടിച്ചിരിച്ചു പോയി. ഉറക്കമെഴുന്നേറ്റ് മുടിയില്ലാത്ത അമ്മാവനെ കാണാന്‍ ഓടിച്ചെന്നപ്പോള്‍ തലയാകെ മുടിയുമായി മുന്നില്‍ തന്നെ അമ്മാവന്‍.

രാത്രിയില്‍ അവിടെയാകെ ഉത്സവ പ്രതീതിയാണ്. പശുക്കളേയും കോഴിയേയുമൊക്കെ നോക്കാന്‍ ഉള്ള ജോലിക്കാര്‍ ഒന്ന് വിശ്രമിക്കുന്നത് അന്നേരമാണ്. പിന്നെ ഇളയ അമ്മാവന്‍റെ കൂട്ടുകാരായി കൊറേ പേര്‍ കമ്പൈന്‍ഡ് സ്റ്റഡി.

ഇടയ്ക്ക് അവരുടെ പാട്ടും നാടകവും. നാടകം പടിപ്പിക്കാന്‍ വന്നിരുന്നത് അവരെല്ലാം “പണിക്കര്‍ സാര്‍” എന്നു വിളിച്ചിരുന്ന ഒരാളാണ്. കാവാലംകാരനാണത്രേ. എവിടെയാണോ ആ സ്ഥലം . ശങ്കുവിന് അറിയാമായിരിക്കും.

ഇതൊക്കെയാണെങ്കിലും എല്ലാവര്‍ക്കും ഇഷ്ടം വേറെയൊരാളെയാണ്. പൊക്കം കൊറഞ്ഞ ഒരാള്‍. നന്നായി മൃദംഗം വായിക്കും.ചുണ്ടുകള്‍ അകത്തേയ്ക്ക് പ്രത്യേക രീതിയില്‍ മടക്കിവെച്ചു ഒരു കിളവനെ പോലെ സംസാരിക്കും അന്നേരം അയാളെ എല്ലാവരും അമ്മാവന്‍ എന്നെ വിളിക്കാവൂ.

പാടും, ആരും കേട്ടിട്ടില്ലാത്ത പാട്ടുകള്‍. അവരുടെ നാട്ടിലെ കൊയ്ത്തിനും മറ്റും പാടുന്ന പാട്ടാണത്രേ. സാറ് ഇതു പോലത്തെ പാട്ടൊക്കെ എഴുതുമത്രേ. അനിയത്തിയാണ് ഇതൊക്കെ പറഞ്ഞു തന്നത്. പഠിച്ച ഡയലോഗൊക്കെ തെറ്റുമ്പോള്‍ അകത്തിരുന്ന് അനിയനും അനിയത്തിയൊമൊക്കെ അതു തിരുത്തി പറയും. അപ്പോള്‍ ഈ സാര്‍ പറയും
” പിള്ളാര്‍ക്ക് വരെ കാണാപാഠമായെന്‍റെ വേണു.”

അനിയത്തിയും അനിയനും പാടിയ ഒരു പാട്ട് എനിയ്ക്ക് ഇഷ്ടപ്പെട്ടു.

“പഞ്ചവര്‍ണ്ണ തത്തക്കിളിയേ
പറ ഞങ്ങടെ ഭാവികാലം
പറ ഞങ്ങടെ ഭാവികാലം
തത്തക്കിളിയേ”

ഞാനത് ഒരിക്കല്‍ പാടുന്നത് ഈ മൃദംഗക്കാരന്‍ കേട്ടു.

“താളം തെറ്റിപ്പോയല്ലോ മോനൂ തെറ്റാതിരിക്കാന്‍ ഞാനൊരു പണി പറയാം” താളം പിടിക്കേണ്ടതെങ്ങിനെയെന്ന് അദ്ദേഹം കാണിച്ചു തന്നു.
എന്നിട്ട് മൃദംഗത്തില്‍ കൊട്ടി, പാടി, എന്നെ കൊണ്ട് പാടിച്ചു.

പോലല്ലീ ലീലിലല്ലി
പോലല്ലീ ലീലിലല്ലി
പോലല്ലീ ലീലിലല്ലി
പോലല്ലീ ലീലിലല്ലി പോലല്ലേലോ

എനിയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല
“ചിരിക്കണ്ടാ മോനൂ ഞങ്ങടെ നാട്ടിലെ കൊയ്ത്തിനു പോകുന്ന പെണ്ണുങ്ങള്‍ പാടുന്ന പാട്ടാണിത്.” അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ ചിരി നിര്‍ത്തി.
ഇതു കേട്ട് കിലു കിലാ ചിരിച്ചും കൊണ്ടോടി വന്നു മൃദംഗത്തിന്‍റെ ഇടന്തലയില്‍ കൊട്ടി എന്‍റെ അനിയത്തി ചോദിച്ചു.
ഏതാണിങ്ങനത്തെ ഭാഷ പറയുന്ന വണ്ടര്‍ ലാന്‍ഡ്”
“നെടുമുടി”
പിന്നെയൊന്നും മിണ്ടാതെ അദ്ദേഹം മൃദംഗം വായിച്ചു , അതി വേഗം.

ഏതായാലും താളം പിടിക്കാന്‍ ഞാനങ്ങിനെ പഠിച്ചു. ( അല്ലെങ്കില്‍ പഠിച്ചുവെന്ന് ധരിച്ചു. )

ഓ , ഇതാണ് രേഖചേച്ചിയും ടീച്ചറുമൊക്കെ പാട്ട് കേള്‍ക്കുമ്പോള്‍ ജാടയ്ക്ക് തുടയിലൊക്കെ അടിച്ച് കാണിച്ചിരുന്നത്.
ശങ്കുവിനേയും പഠിപ്പിക്കണം. അപ്പോള്‍ അവന്‍ രേഖചേച്ചിയെ ഇത് പറഞ്ഞ കളിയാക്കില്ലല്ലൊ.അതു കൊണ്ട് തന്നെ ചേച്ചി അവനെ ” കൊശവന്‍”എന്ന് എന്നു വിളിയ്ക്കുകയുമില്ല.

ഓ ഈ സ്കൂളൊന്ന് തുറന്നിരുന്നെങ്കില്‍…

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം നാല്

കനത്ത മഴ
അമ്മൂമ്മയുടെ ഭാഷയില്‍ ” തുമ്പിക്കൈ വണ്ണ ത്തില്‍ അല്ലേ ഇപ്പോളത്തെ ഈ മഴ “. ചിലപ്പോള്‍ കുറച്ചേറെ ദിവസത്തേയ്ക്ക്. വീടിനു പുറകിലുള്ള തോട് കരകവിഞ്ഞ് അടുത്തുള്ള വഴിയേതന്നറിയാതെ പരന്ന് കിടക്കും.
ടീച്ചറുടെ വീട്ടിലേയ്ക്കുള്ള യാത്ര, ചേച്ചിയുടെ വരവ് ഇതൊക്കെ നിന്നിരിക്കുകയാണ്.
ഒന്നു മാത്രം മുടങ്ങില്ല- ശങ്കുവിന്‍റെ വരവ്. - ആദ്യം ടീച്ചറുടെ വീട് - അവന്‍റെ വീട്ടില്‍ നിന്നു വരുമ്പോള്‍ ആദ്യം ടീച്ചറുടെ വീടാണല്ലോ. പിന്നെ നേരെ ഞങ്ങളുടെ അടുക്കളയില്‍.
അമ്മൂമ്മയുടെ ഭാഷ വീണ്ടും കടം കൊള്ളാം.
” ഇതെന്താ പെണ്ണെ വിട്ടിലിനൊണ്ടായതാണോ നിന്‍റെ മോന്‍” ശങ്കുവിന്‍റെ അമ്മയെ കണ്ടപ്പോള്‍ അമ്മുമ്മ ഇതു ചോദിച്ചത് കേട്ട് അപ്പൂപ്പന്‍ പറഞ്ഞു. ” മഴയത്ത് വിട്ടിലു പോലും പുതച്ചു മൂടിക്കിടക്കും”
ഇതൊക്കെയാണെങ്കിലും അമ്മൂമ്മയ്ക്ക് തോട് ചീയാത്ത പാക്ക് വേണമെങ്കില്‍, ഹരിയുടെ കടയില്‍ അപ്പൂപ്പനു വേണ്ടി മാത്രം ഉണ്ടാക്കുന്ന വലിയ ബീഡി അപ്പൂപ്പന്‍റെ കൈയ്യില്‍ എത്തണമെങ്കില്‍. ശങ്കു വേണമല്ലൊ.
ഒരു ദിവസം മഴയൊന്ന് “ആറിയ” സമയം. ടീച്ചറും രേഖചേച്ചിയും വന്നു. കുറച്ചു കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്.
എന്നെ തിരക്കി ചേച്ചി ഞാന്‍ കിടക്കുന്ന മുറിയില്‍ വന്നു.
“സീക്രട്ട് സെവെന്‍ മൂന്ന് എണ്ണം വന്നിട്ടുണ്ട് ലൈബ്രറിയില്‍” “ശങ്കു എവിടെ? അവന്‍ കനിഞ്ഞാലെ കിട്ടൂ”
ഞാന്‍ ജനലിലൂടെ നോക്കിയിരുന്നത് കാരണം കൃത്യമായി ഒരു ഉത്തരം കിട്ടിക്കാണില്ല.
ചേച്ചി അടുത്ത് വന്നിരുന്നു.
“നീയെന്താ നോക്കിയിരിക്കുന്നെ”
“ആ ഇലകളിലെ വെള്ളത്തില്‍ എല്ലാം മഴവില്ല് ” ഞാന്‍ പറഞ്ഞു.

“എത്ര” ചേച്ചിയെന്‍റെ തോളില്‍ താടി അമര്‍ത്തിവെച്ചു പുറത്തേയ്ക്ക് നോക്കി.
“ആയിരം” ഞാന്‍ ചോദ്യഭാവത്തില്‍ നിര്‍ത്തി.
“പിന്നെ . അതിലേറെയുണ്ട് നിന്‍റെ കണ്ണില്‍”

“നീയാ ഗന്ധരാജനെ നോക്കിക്കെ” ഓരോ ഇലയിലുമില്ലെ ആയിരമായിരം വീതം”
“ആവോ എനിയ്ക്കറിയില്ല”

എനിയ്ക്ക് ഗന്ധരാജനെ പേടിയാണ്. അതിനിടയില്‍ മൂര്‍ഖനും ശംഖുവരയനും വന്നിരിക്കുമത്രേ.
എനിയ്ക്കിഷ്ടം ചെത്തിയാണ്. ഓരോ പൂവില്‍ നിന്നും തേന്‍ കുടിക്കാം.

“മോനു, ഈ തേനൊക്കെ മോനു കുടിച്ചാല്‍ തേന്‍ തിരക്കി വരുന്ന തേനീച്ച എന്തു ചെയ്യും”
ഒരിയ്ക്കല്‍ ടീച്ചരുടെ വീട്ടിലെ ചെത്തിയില്‍ നിന്ന് തേന്‍ കുടിച്ചു കൊണ്ടിരിക്കെ ടീച്ചര്‍ ചോദിച്ചു.

നീ കുടിക്കെടാ മണുക്കൂസ്സെ, തേനീച്ച അടുത്ത വീട്ടില്‍ പൊയ്ക്കോളും” ചേച്ചി പറയുന്നത് കേട്ട് സുധ ടീച്ചര്‍ അടുത്തു വന്നു.
എത്രയോ ദൂരം എത്രയോ പൂക്കളില്‍ ചെന്നാലാണ് ഒരു ഈച്ചയ്ക്കു അല്‍പ്പം തേന്‍ കിട്ടുന്നതെന്നറിയാമോ” ടീച്ചര്‍ ചോദിച്ചു

“എനിയ്ക്കു മതി” ഞാന്‍ പറഞ്ഞു.
“എന്തേ” ചേച്ചീടെ ചോദ്യം
“വയറ് നിറഞ്ഞു” എന്‍റെ മറുപടി കേട്ട് ചേച്ചി പൊട്ടിച്ചിരിച്ചു.
പിന്നെ നാല് ചെത്തിപ്പൂവിലെ തേനുണ്ടാല്‍ നിറയുന്നതല്ലേ ഈ ഉണ്ണി ഗണപതിയുടെ കുംഭ”

ഗന്ധരാജന്‍റെ ഇടയില്‍ മഞ്ഞ നിറങ്ങളില്‍ വളയമുള്ള ശംഖുവരയന്‍ ഉണ്ടൊ? ഞാന്‍ ശ്രദ്ധിച്ചു. ശംഖുവരയന്‍റെ നിറത്തെ ചൊല്ലിയെന്നും ചേച്ചിയും ശങ്കുവും അടിയാണ്
“പിനെ ഇവന്‍റെ മടിയില്‍ വെച്ചല്ലെ ബ്രഹ്മാവ് ശംഖുവരയന് വളയം വരച്ചു കൊടുത്തത്.” ചേച്ചി ശുണ്ഠിയോടെ ചോദിക്കും.

“നീയെന്താ ഇപ്പൊള്‍ ആലോചിക്കുന്നത്” ചേച്ചി എന്നോട് ചേര്‍ന്നു നിന്നു ഞാന്‍ നോക്കുന്ന ദിക്കിലേയ്ക്കു നോക്കി ചോദിച്ചു.
“ശംഖുവരയനാണൊ മൂര്‍ഖനാണോ കൂടുതല്‍ ഭംഗി”
“മൂര്‍ഖനു തന്നെ “. ചേച്ചി പറഞ്ഞു.
“പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ തന്നെ സുന്ദരന്‍”, ചേച്ചി തുടര്‍ന്നു.

“എന്തു ഭംഗിയാണ് മൂര്‍ഖന്. “വിടര്‍ന്ന പത്തി സൌന്ദര്യം കൂട്ടും” അതു വായ് തുറക്കുമ്പോള്‍, മോനു, അതിനൊരു മണമുണ്ട്.”
“എന്തു മണം” ഗന്ധരാജനെ നോക്കി ഞാന്‍ ചേച്ചിയോട് ചോദിച്ചു.
“അടുക്കളയിലെ സുമതി ചേച്ചി പറയുന്നത് കപ്പ പുഴുങ്ങുമ്പോള്‍ ഉള്ള മണമാണെന്നാണ്”
പെട്ടന്ന് ആരോ കൊറേ കല്ല് വാരിയെറിഞ്ഞത് പോലെ മഴ ആഞ്ഞടിച്ചു.

ഞാന്‍ തിരിഞ്ഞു നോക്കി. എന്‍റെ തോളില്‍ നിന്നും താടി മാറ്റിയെങ്കിലും എന്തോ ആലോചിച്ചാലെന്ന പോലെ ചേച്ചി കട്ടിലില്‍ മുട്ടു കുത്തി നില്‍ക്കുകയാണ്.മുഖത്ത് വീണ മഴത്തുള്ളികള്‍ തുടച്ചു മാറ്റാതെ ചേച്ചി എന്തോ
ഓര്‍ത്ത് നില്‍ക്കുകയാണ്.
മഴത്തുള്ളികള്‍ക്കിടയിലൂടെ അരിച്ചു വന്ന പ്രകാശരശ്മികള്‍ ചേച്ചിയുടെ മുഖത്തെ ജലത്തുള്ളികളില്‍ ആയിരമായിരം മഴവില്ലുകള്‍ തീര്‍ത്ത പോലെ ആ മുഖം ജ്വലിച്ചു നിന്നിരുന്നു.

“അല്ല” ഞാന്‍ പറഞ്ഞത് കേട്ട് ചേച്ചിയെന്നെ ചോദ്യഭാവത്തില്‍ നോക്കി.
മൂര്‍ഖന്‍ വായ തുറക്കുമ്പോള്‍ ഉള്ള മണം നീലിഭൃംഗാദിയുടേതാണ്” എനിയ്ക്ക് ആകെ അറിയാവുന്ന എണ്ണ അതാണല്ലൊ.
ചേച്ചി ആശ്ചര്യഭാവത്തില്‍ എന്നെ നോക്കി എന്നിട്ട് പൊട്ടിച്ചിരിച്ചു.
“നൊസ്സ്” ഏതോ നോവലില്‍ നിന്നും കടം കൊണ്ട വാക്കെടുത്ത് വിളമ്പി.
“മൂര്‍ഖന്‍റെ വായിലല്ല, എന്‍റെ മുടിയിലാ മണം”
പെട്ടന്ന് ചേച്ചി വിടര്‍ന്ന് കിടന്ന മുടിയാകെ കൊണ്ട് എന്നെ മൊത്തം മൂടി..എന്നിട്ട് ചേച്ചിയുടെ നെറ്റി കൊണ്ട് വന്നു എന്‍റെ ഉച്ചിയില്‍ അമര്‍ത്തി.
ഒരു നിമിഷം കഴിഞ്ഞു പുറകോട്ട് മാറി പൊട്ടിച്ചിരിച്ചു കൊണ്ട് ചേച്ചിയെന്നോട് ചോദിച്ചു.
“ഗണപതി ഭഗവാനെ നീലിഭൃംഗാദിയുടെ മണം ഭഗവാന് ഇഷ്ടപ്പെട്ടോ” “ഇഷ്ടപ്പെട്ടെങ്കില്‍ ഇന്നു മോദകത്തിനു പകരം നിവേദ്യമായെടുത്തോ ആ മണം”
ഞാനൊന്നും മിണ്ടിയില്ല ഞാനെന്ത് മിണ്ടാന്‍.
ചേച്ചിയുടെ പൊട്ടിച്ചിരിയുടെ താളം ഏതാണ്. ആ മുഖത്തിനു ഇപ്പോള്‍ ഉള്ള നിറം ഏതാണ് ഞാന്‍ തല ചരിച്ചു വെച്ചു ചേച്ചിയെ നോക്കി ആലോചിച്ചു.
“കാക്ക നോട്ടം” എന്നു പറഞ്ഞിട്ട് പതുക്കെ ചിരിച്ചു കൊണ്ട് ചേച്ചി നടന്നു നീങ്ങി.
ചെറിയ മണികള്‍ കിലുങ്ങുന്നതു പോലെയായിരിന്നു ആ ചിരി. പക്ഷെ അകന്നു പോകുന്തോറും ആ ശബ്ദം കൂടി വരുന്നതായി എനിയ്ക്കു തോന്നി. ശബ്ദം അസഹനീയമായപ്പോള്‍ ഞാന്‍ ചെവി പൊത്തി തലയെന്‍റെ
കൈമുട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കിടന്നു.

“മോനൂ” “എഴുന്നേറ്റേ” ആരോ വിളിക്കുന്നത് പോലെ തോന്നി.
ടീച്ചറുടെ ശബ്ദം പോലെയുണ്ട്. ഞാന്‍ കണ്ണ് തുറന്നില്ല
“കള്ളയുറക്കമാ ചേച്ചി, ഒരു നുള്ള് കൊട്, ഞാനിപ്പൊ ഇവനുമായി സംസാരിച്ചതല്ലെ.”

ശരിയാണ്, സ്വപ്നമല്ല ഞാന്‍ കണ്ണ് തുറന്നു.
ടീച്ചറും ചേച്ചിയും അമ്മായിയും അമ്മൂമ്മയും, എവിടെ നിന്നോ പൊട്ടി വീണത് പോലെ ശങ്കുവും.
“വേഗം ഒരുങ്ങിക്കോ നിന്‍റെ അമ്മ വരുന്നുണ്ട് നിന്നെ കൊണ്ട് പോകാന്‍”
ഞാന്‍ ചോദ്യരൂപേണെ ടീച്ചറെ നോക്കി.
ടീച്ചര്‍ പറഞ്ഞു.” മോനുവിന്‍റെ അമ്മാവന്‍ അമ്മയെ വിളിച്ചു പറഞ്ഞു മോനു കൊറച്ചു ദിവസം അവിടെ നില്‍ക്കാന്‍ ഈ ഭാഗത്തുനിന്നും ഹോസ്പിറ്റലില്‍ ഒരുപാട് അഞ്ചാം പനിയും മഞ്ഞപ്പിത്തവും ഒക്കെ”"
“അതു കൊണ്ടാ വേഗം റെഡിയായിക്കൊ”
“രേഖയെ അവളുടെ ഹരിപ്പാട്ട് അമ്മവിട്ടിലേയ്ക്ക് കൊണ്ടു പോകും, ഡോക്ടര്‍ അവിടേയും വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് കനകമ്മ ചേച്ചി ഇപ്പോ ശങ്കുവിനെ വിട്ട് പറയിച്ചു.”
“അപ്പൊ ശങ്കുവോ” എന്‍റെ ചോദ്യം ആരും കേട്ടില്ല ശങ്കു ഉള്‍പ്പെടെ. അവരെല്ലാം രോഗത്തെകുറിച്ചും മറ്റും ചര്‍ച്ച തുടങ്ങിക്കഴിഞ്ഞിരുന്നു.

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം മൂന്ന്

ആകാശത്തിനെ എങ്ങിനെ കാണണമെന്ന് എന്നെ പഠിപ്പിച്ചത് സുധ ടീച്ചറാണ്. ഒരു ദിവസം സന്ധ്യയ്ക്ക് ഞങ്ങള്‍ നാല്‍ വര്‍ സംഘം വീടിന്‍റെ വടക്ക് വശം നില്‍ക്കുകയായിരുന്നു. സന്ധ്യ ചുവന്നു തുടുത്ത സമയം.
രേഖ ചേച്ചിയാണ് ആദ്യം കണ്ടത്. ആകാശത്ത് കൂടെ ഒരു നക്ഷത്രം പതുക്കെ ഒഴുകി നീങ്ങുന്നു. “ദേ ചേച്ചി( രേഖ ചേച്ചി മിക്കപ്പോഴുംടീച്ചറെ ചേച്ചീന്നാണ് വിളിക്കുക ടീച്ചര്‍ എന്നു വിളിച്ചാല്‍ ഒന്നുകില്‍ രേഖ ചേച്ചി ആരോടെങ്കിലും പിണങ്ങി എന്നര്‍ത്ഥം അല്ലെങ്കില്‍ ആരെങ്കിലും അടുപ്പമില്ലാത്തവര്‍ അടുത്ത് ഉണ്ടെന്നര്‍ത്ഥം ) ഒരു നക്ഷത്രം പോകുന്നു. “
ഉടനെ ശങ്കുവിന്‍റെ വക”അതു നക്ഷത്രമല്ല, ഉല്‍ക്കയാ”

“ഓ പിന്നെ ഉല്‍ക്കയല്ല ഉലക്കയാ ഒന്നു പോടാ മാക്രി”

ശങ്കു നന്നായി നീന്തും മുങ്ങാംകുഴിയിടും കൊറേ നേരം വെള്ളത്തിനടിയില്‍ കിടക്കും, മരത്തില്‍ നിന്നും വെള്ളത്തില്‍ ചാടും, ചേച്ചിയെ അവന്‍ ദേഷ്യം പിടിപ്പിക്കുമ്പോള്‍ ചേച്ചി അവനെ ഉടനെ വിളിക്കും “മാക്രി, വെള്ളത്തിലും കരയിലും വളരുന്ന ജന്തു” അവന്‍ ചിരിക്കും , കൂടുതല്‍ ആകുമ്പോള്‍ “രേഖേ” എന്നൊരു വിളിയുണ്ട് ടീച്ചറുടെ വക. അതോടെ തീരും

പക്ഷെ വേറെയാരെങ്കിലും ഉണ്ടെങ്കില്‍ ശങ്കുവിന്‍റെ ഒരു മറുപടിയുണ്ടാകും. അവന്‍റെ ചിരി കണ്ട് സഹി കെടും ചേച്ചി എന്തെങ്കിലുമൊക്കെ കൂടുതല്‍ പറയും. “
നിര്‍ത്ത് പെണ്ണെ അധികം നെഗളിക്കാതെ” എന്നൊക്കെ എന്‍റെ അമ്മൂമ്മയുമൊക്കെ പറഞ്ഞാലും ചേച്ചി നിര്‍ത്തില്ല.
അപ്പോള്‍ അവന്‍ പതുക്കെ പറഞ്ഞു തുടങ്ങും.
“അമ്മേ ഈ മാക്രിയില്ലാരുന്നേല്‍ കാണാമായിരുന്നു, കേക്കണോ കോട്ടയത്തമ്മേ ഒരു ദിവസം…”

അതോടെ ചേച്ചി കീഴടങ്ങും, പൊന്നല്ലേടാ ഞാന്‍ വെറുതെ പറഞ്ഞതല്ലേടാ” എന്നൊക്കെ പറഞ്ഞു അവനെ കൊണ്ട് പോകും.
എന്താണ് ആ രഹസ്യം? ടീച്ചറ്ക്കറിയാമായിരിക്കണം. കാരണം അമ്മൂമ്മ ചോദിക്കും “എടീ സുധേ എന്താ ഇത്ര വലിയ രഹസ്യം”
ടീച്ചര്‍ അതു പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു തയ്യാറെടുപ്പുണ്ട്.
“മോനു അപ്പുറത്ത് പൊയ്ക്കേ”
പക്ഷെ പോകേണ്ടി വന്നിട്ടില്ല, അതിനു മുന്‍പേ ചേച്ചി ഇടപെടും
“അയ്യെടാ പറഞ്ഞാ കേക്കുന്ന രാജകുമാരന്‍, ഇരിയടാ അവിടെ”.
“അമ്മൂമ്മയ്ക്കീ വയസ്സ് കാലത്ത്… അതു മുഴുവിക്കാന്‍ പറ്റിയിട്ടില്ല
അമ്മൂമ്മ പാക്ക് വെട്ടി എന്ന വജ്രായുധം എടുക്കുമ്പോള്‍ തന്നെ ചേച്ചി ടീച്ചറെ വലിച്ചോണ്ട് അടുത്ത മുറിയിലേയ്ക്കു നീങ്ങും
ചിലപ്പോള്‍ ശങ്കു അപ്പുറത്ത് കൂടെ വരും “അതേ കോട്ടയത്തമ്മെ ഞാനൊരിക്കലെ…”
അതു പിന്നെ ഒരു ഓടിപിടുത്തം കളിയാകും. ശങ്കു മുന്നെ ചേച്ചി പൊറകേ, എന്‍റെയടുത്ത് വരുമ്പോള്‍ റിലെ റേയ്സ് പോലെ ഞാനും വെറുതെ ഓടിത്തുടങ്ങും.
ചിലപ്പോള്‍ അത് അപ്പൂപ്പന്‍ ഇരിക്കുന്ന ചാരുകസേരയുടെ മുന്നിലൂടെയാകും വായനയില്‍ മുഴുകിയിരിക്കുന്ന അപ്പൂപ്പന്‍ പെട്ടന്ന് ഞെട്ടി നോക്കും

“ഛായ്, വെറുവായ്ക്കലുകെട്ട മൂധേവികള് അപ്പുറത്ത് പോ”

“എന്തിനാ പിള്ളാരെ പ്രാകുന്നേ” അമ്മുമ്മേടെ വക, പക്ഷെ അതു മര്‍മ്മരം പോലെയാണ് എന്നാലും അപ്പൂപ്പന്‍ കേള്‍ക്കാന്‍ പാകത്തില്‍.

“ഞാന്‍ പ്രാകുന്നത് അവിടെ കേട്ടോ”"വേണ്ടാധീനം പറയല്ലെ”

രംഗത്തിന് വലിയ മാറ്റമുണ്ടാകാറില്ല. എന്നാലും ഒന്നുണ്ട്, ആ രഹസ്യം ശങ്കു പറഞ്ഞിട്ടില്ല.

“ഉല്‍ക്കയല്ല അത്” രേഖചേച്ചിയുടെ മുഖം വിടരാന്‍ തുടങ്ങും മുന്‍പേ ടീച്ചര്‍ പറഞ്ഞു
“നക്ഷ്ത്രവുമല്ല”, അതു തുമ്പേന്നു വിടുന്ന റോക്കെറ്റാ”
പിന്നെ റോക്കെറ്റിനേ കുറിച്ചായി ചര്‍ച്ച. അതു നക്ഷത്രങ്ങളിലേയ്ക്ക് വന്നു. അപ്പോഴേയ്ക്കും ആകാശം കറുത്തു കഴിഞ്ഞു.
“ദേ ചന്ദ്രന്‍റെ മേലുള്ള നക്ഷ്ത്രം കണ്ടോ” ശങ്കുവിന്‍റെ വക
“അതു നക്ഷത്രമല്ല, അതാണ് ശുക്രന്‍ , വീനസ്.”
പിന്നെ എന്തൊക്കൊയോ പറഞ്ഞു. ആകാശത്ത് ടീച്ചര്‍ പറഞ്ഞ തേളിനേയും കരടിയേയും വേട്ടക്കാരനേയും പട്ടിയേയും ത്രാസ്സിനേയും ഒന്നും ഞാന്‍ ഇന്നു വരെ കണ്ടിട്ടില്ല.

പക്ഷെ മുന്നോട്ട് നടന്ന ശങ്കുവിനേയും ടീച്ചറേയും പിന്തുടര്‍ന്നു നടന്ന എന്നെ ചേച്ചി ഒരു നക്ഷത്രം കാണിച്ചു തന്നു.
“അതാണ് ആതിര നക്ഷത്രം” “ആ ചുവന്നു കാണുന്നില്ലെ”, “ആതിര, തിരുവാതിര”"
“എന്‍റെ അമ്മയുടെ നാളാണ്” ഞാന്‍ പറഞ്ഞു
“അതു തന്നെ”

രാത്രിയായതു കൊണ്ട് ചേച്ചി ഒറ്റയ്ക്ക് പിന്നാമ്പുറത്ത് കൂടി പോകേണ്ട എന്നു അമ്മൂമ്മ വിളിച്ചു പറഞ്ഞു.
“കോട്ടേത്തമ്മെ ഞാന്‍ കൊണ്ട് വിടാം” എന്നായി ശങ്കു
“പിന്നെ നീ വല്യ തുക്കടാ സായിപ്പല്ലെ നാഗത്താന്‍മാരു പേടിക്കാന്‍,സുധേ നീ കൂടെ പോ” കാവുള്ളത് കൊണ്ട് സീനത്തിനെ വിടില്ല ചേച്ചീടെ വീട്ടില്‍.

അമ്മുമ്മയെ കോട്ടയത്തമ്മ എന്നാണ് വിളിക്കുന്നത്. അമ്മൂമ്മ എന്നു വിളിക്കുന്നത് ഇഷ്ടമല്ല. കോട്ടയത്താണ് അമ്മയുടെ വീട്. അമ്മാവന്‍മാരും വലിയമ്മച്ചിയും എന്‍റെ അമ്മയുമൊക്കെ ഇവിടെ വന്നു കഴിഞ്ഞപ്പോള്‍
അപ്പൂപ്പനും അമ്മുമ്മയും കൂടെ ഇങ്ങോട്ട് കൂട് മാറി.

കല്‍ക്കട്ടയില്‍ നിന്ന് ഞങ്ങള്‍ വരുമ്പോള്‍ എനിയ്ക്ക് ഒന്നര വയസ്സേ ഉള്ളത്രേ. അമ്മ വീണ്ടും ഗര്‍ഭിണിയാണ്. അമ്മയുടെ പ്രസവം ഒക്കെ കഴിഞ്ഞപ്പോള്‍ കല്‍ക്കട്ടയില്‍ ലഹളയോ മറ്റോ ഉണ്ടായതിനാല്‍ പിന്നെ അമ്മ
അങ്ങോട്ട് പോയില്ല. അഛനും അമ്മാവനും മാത്രമായി അവിടെ.

മൂന്നാലു വയസ്സ് വരെയൊക്കെ കോട്ടയത്ത് താമസിച്ചു. അതൊന്നും ഓര്‍ക്കുന്നില്ല. എന്നാലും ഓര്‍ക്കുന്ന ഒന്നു രണ്ട് ചിത്രങ്ങളുണ്ട്. വയസ്കര കുന്നിലേയ്ക്ക് കേറുന്ന വഴിയാണാ വീട്. മുകളിലത്തെ നിലയിലേയ്ക്കുള്ള
ഏണിപ്പടിയ്ക്കു താഴെ ആരെയോ കാത്തിരിക്കുന്നതോര്‍മ്മയുണ്ട്. മുകളില്‍ കിടന്നുറങ്ങുന്ന അമ്മാവനെ കാത്തിരിക്കുന്നതാണത്രേ. എനിയ്ക്ക് തോന്നുന്നത് ആരോ പറഞ്ഞു കേട്ടത് മാത്രമായിരിക്കും ഞാന്‍
ഓര്‍ക്കുന്നത് അല്ലാതെ അന്നത്തെ രംഗങ്ങള്‍ അല്ലായിരിക്കും.

പിന്നെ നന്നായി ഓര്‍ക്കുന്ന രംഗം രാത്രിയിലെ ഒരു ശബ്ദം ആണ്. വളരെ ദൂരെനിന്നെ ഞാനത് കേള്‍ക്കും. ചാടി എഴുന്നേറ്റ് ഞാന്‍ കട്ടിലിനടുത്തുള്ള ജനലില്‍ വലിഞ്ഞ് കേറും. നിലാവത്ത് ഒന്നിനു പുറകേ ഒന്നായി കടപുട ശബ്ദത്തോടെ കാള വണ്ടികള്‍ വരുന്നത് നോക്കിനില്‍ക്കും.

ഇടയ്ക്ക് അമ്മുമ്മ എഴുന്നേറ്റ് നോക്കും. എന്‍റെ പൊക്കത്തിന് ഒപ്പം നില്‍ക്കാന്‍ കട്ടിലില്‍ മുട്ടുകുത്തി നിന്ന് അമ്മൂമ്മയും എന്നെ കെട്ടിപ്പിടിച്ചു നിന്ന് നിലാവത്ത് താഴെ കൂടെ പോകുന്ന കാളവണ്ടികളെ നോക്കി നില്‍ക്കും.
വണ്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങുമ്പോള്‍ ” നേരം വെളുക്കാറായി, നിന്‍റെ അമ്മ എഴുന്നേറ്റ് കാണും മുന്‍പ് കിടക്കാം” എന്നു പറയും.

നല്ല പെരുമഴ.

മതിലിലൂടെ വരിവരിയായി നടന്നു പോകുന്ന ഉറുമ്പിന്‍ കൂട്ടത്തെ നോക്കി ഞാന്‍ കിടന്നു. ഇടയ്ക്കവരില്‍ ചിലര്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. എന്തായിരിക്കും അവര്‍ സംസാരിക്കുന്നത്.
രേഖചേച്ചി എന്‍റെയടുത്ത് കിടന്ന് ഒരു എനിഡ് ബ്ലൈറ്റണ്‍ വായിക്കുന്നു. ശങ്കു ടീച്ചറുടെ വീട്ടില്‍ ആണ്. പെട്ടന്ന് ചേച്ചി ചാടി എഴുന്നേറ്റു. വേദനകൊണ്ട് പുളയുന്നു. ഞാനാകെ പേടിച്ചു. എന്‍റെ കൂവല്‍ കേട്ട് അമ്മാവന്‍ വന്നു. അമ്മായിയോട് എന്തൊ മരുന്നെടുത്ത് കൊടുത്തിട്ട് ചേച്ചിയെ വീട്ടില്‍ കൊണ്ട് പോയി വിടാന്‍ പറഞ്ഞു

ശങ്കുവും വന്നില്ല ടീച്ചറും വന്നില്ല കൊറച്ചു കഴിഞ്ഞു ചേച്ചിയേയും ഞാന്‍ മറന്നു.

ഒരു പാട് ഉറുമ്പുകള്‍ മൂക്കുരുമ്മി പോകുന്നത് ഞാന്‍ കണ്ടു.

“അമ്മേ ദേ ഈ ഇരുട്ടത്തു കിടന്നുറങ്ങുന്നുണ്ട്” അമ്മായിയുടെ ഒച്ച കേട്ട് ഞാന്‍ കണ്ണ് തുറക്കാന്‍ നോക്കി എന്തോ ഒരു ഘനം പോലെ
“അയ്യോ അമ്മെ നന്നേ പനിയ്ക്കുന്നുണ്ടല്ലൊ”

അമ്മാവന്‍മാരും അമ്മൂമ്മയും അന്നുറങ്ങിയില്ല
ബോറടി മാറ്റാന്‍ ആ മുറിയില്‍ ഇരുന്നവര്‍ കാരംസ് കളിച്ചു.
ഇടയ്ക്കു ഏതെങ്കിലും ഒരു അമ്മാവന്‍ വന്നു പനിയൊണ്ടോയെന്നു നോക്കും,
“ഹേയ് ഒന്നുമില്ല മോനു ഉറങ്ങിക്കോ”
പിന്നെ നീയൊക്കെ ഇവിടെകിടന്ന് “കിട്ക്കൊ കിട്ക്കൊ” എന്നാക്കികൊണ്ടിരിക്കുമ്പോളല്ലേ അവന്‍ ഉറങ്ങാന്‍ പോകുന്നെ” അമ്മൂമ്മയുടെ വര്‍ത്താനം കേട്ടാല്‍ അവരാരും തിരിച്ചു പറയില്ല, ചിരിക്കും അത്ര മാത്രം.

എപ്പോഴോ ഞാന്‍ ഒന്നുറങ്ങിക്കാണും. കാരണം ചുവന്ന ആതിര നക്ഷത്രം ആകാശത്ത് നിന്നും പാഞ്ഞു വന്നുവെന്നും അതിനെ കണ്ട് എന്നെ വിട്ട് മുന്നോട്ടോടിയ രേഖ ചേച്ചിയെ പിന്തുടര്‍ന്നു ചെന്നുവെന്നും ഞാന്‍
സ്വപ്നം കണ്ടു.
ഉറങ്ങാതെ ഞാന്‍ എങ്ങിനെ സ്വപ്നം കാണും.
കാവിലേയ്ക്കോടിക്കേറാന്‍ പോയ രേഖ ചേച്ചിയെ ആ ചുവന്ന നക്ഷത്രം തടഞ്ഞു.
മുല്ലയ്ക്കല്‍ ചിറപ്പിനു പൊട്ടുന്ന ചുമന്ന അമിട്ടു പോലെ ആതിര പൊട്ടിച്ചിതറി, കോടാനുകോടി നക്ഷത്രങ്ങളെ മുഴുവന്‍ ചുവന്ന വെളിച്ചത്തില്‍ മുക്കിക്കുളിപ്പിച്ചിട്ട് ഭൂമിയിലേയ്ക്ക് പാഞ്ഞ് വന്ന് ഒരു തീജ്വാലയായി മാറി ചേച്ചിയുടെ നെറ്റിയിലെ പൊട്ടിലൂടെ ചേച്ചിയിലേയ്ക്ക് ലയിച്ചു ചേര്‍ന്നു.

അപ്പോള്‍ ആതിര നക്ഷത്രത്തിന് ടീച്ചറെന്നോ പറഞ്ഞ കഥയിലെ ഒരു ഗന്ധര്‍വ്വന്‍റെ മുഖം ഉണ്ടായിരുന്നു.

ഞാന്‍ എപ്പോഴൊ മയങ്ങിക്കാണണം
കാരണം എന്‍റെ അമ്മ വന്നതും എനിയ്ക്ക് എന്‍റെ അമ്മാവന്‍മ്മാരിലാരോ ഡ്രിപ് ഇട്ടതും ഞാന്‍ അറിഞ്ഞില്ല

“ഉണര്‍ന്നല്ലോ മോനു” അമ്മൂമ്മ പറയുന്നത് ഞാന്‍ കേട്ടു.
“നീയവനു രണ്ട് പറ്റിട്ട് കഞ്ഞി കൊടുക്കാന്‍ നോക്ക്, ഞാനാ കനകമ്മേടെ മോളെയൊന്നു കണ്ടിട്ട് വരാം”
“അമ്മെ ഞാന്‍ കുളിക്കാന്‍ പോകുകാ” അമ്മായി വിളിച്ചു പറഞ്ഞു.
രേഖയ്ക്കുള്ള വളയും പട്ടും ദാ മേശപ്പുറത്തുണ്ട്”

ഞാന്‍ വീണ്ടും മയക്കത്തിലാഴ്ന്നു കാണണം.
കാരണം ആതിര നക്ഷത്രത്തിന്‍റെ നിറം എന്‍റെ വീട്ടിലും പടരുന്നത് ഞാന്‍ സ്വപ്നം കണ്ടല്ലോ

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം രണ്ട്

മഴക്കാലം ഞങ്ങളെ നന്നായി ബാധിക്കും. പറമ്പിന്‍റെ പുറകില്‍ കൂടിയുള്ള രേഖചേച്ചിയുടെ വരവ് അതോടെ നില്‍ക്കും. അതിലെയുള്ള ഒരു തോട്, “തോടേതാ വരമ്പേതാ” എന്നറിയാതെ കിടക്കും. “വല്യ പറമ്പ്” പണ്ടെങ്ങോ പാടമോ തോടോ ഒക്കെ ആയിരിന്നിരിക്കണം. പലയിടവും ചവിട്ടിയാല്‍ വെള്ളം വരും വിധം കൊഴഞ്ഞു കിടക്കും. ടീച്ചറുടെ വരവുണ്ടാകും ഇടയ്ക്കൊക്കെ. പക്ഷെ മുടങ്ങാത്തതായി ഒന്നുണ്ട്. ശങ്കുവിന്‍റെ വരവ്. ആദ്യം ടീച്ചറുടെ വീട്ടില്‍ . ടീച്ചറുടെ അമ്മയെ നന്നായി കയ്യിലെടുത്തിട്ടുണ്ട് അവന്‍. അവരും ടീച്ചറാണ്. പശുവിനെ ഒന്നഴിച്ചു കെട്ടാനും മറ്റും അവന്‍ സുധ ടീച്ചറെ സഹായിക്കും. ടീച്ചര്‍ എഴുതി കൊടുക്കുന്ന പുസ്തകങ്ങള്‍ മഴയത്ത് നനയ്ക്കാതെ അവന്‍ ടീച്ചര്‍ക്കും രേഖചേച്ചിക്കും ഒക്കെ കൊണ്ട് പോയി കൊടുക്കും. മഴക്കാലത്ത് കറങ്ങി നടക്കാന്‍ ചേച്ചിക്കും ടീച്ചറിനും അനുവാദം പെട്ടന്നു കിട്ടില്ല. പക്ഷെ സര്‍വ്വവ്യാപിയായി ശങ്കു മാത്രം.
അവന്‍ എന്‍റെ അമ്മൂമ്മയെ കയ്യിലെടുക്കാന്‍ ഒരു നുണുക്ക് വിദ്യ കണ്ട് വെച്ചിട്ടുണ്ട്. എവിടുന്നെങ്കിലും തോട് ചീയാത്ത പാക്ക് കൊണ്ട് വരും അവന്‍. കൊറച്ച് നേരം അവിടെ കറങ്ങി നടന്നിട്ട് പിന്നെ ചേച്ചിയുടെ വീട്ടില്‍ അവിടെ അകത്ത് കയറ്റം ഇല്ല. ഒരു വിസിലടി.

“പാമ്പാട്ടി മകുടി വായിക്കുന്നതു പോലാ ഇവന്‍റെ ചൂളം കുത്ത്.” രേഖ ചേച്ചീടെ അമ്മയൊരിക്കല്‍ പറഞ്ഞു. “എങ്ങിനെയാ ഇവളത് കേള്‍ക്കുന്നതെന്നറിയില്ല, പിന്നെ നിലയില്ലാതൊരു മുങ്ങലാ ഇവള്”
അന്ന് ടീച്ചറുടെ അമ്മ പറഞ്ഞു

“എന്‍റെ കനകമ്മെ ഇതു തന്നെ അവിടേയും, ഇനി മാധവങ്കുട്ടി വരുമ്പോള്‍ ആ അമ്പഴം വെട്ടിക്കണം അവനാ ഇവളെ അമ്പഴങ്ങ തീറ്റിച്ചു പഠിപ്പിച്ചത്. ഏറുന്ന കൊരങ്ങിനേണിയുമായി ദേ ഈ വാനരന്‍മാരും”

മഴക്കാലമായാല്‍ എനിയ്ക്കിതിലൊന്നും താല്‍പ്പര്യമില്ല. മഴ നോക്കി കിടക്കാറുണ്ട് ജനാലയ്ക്കല്‍.മഴ പെയ്തു മണ്ണ് കുഴിയുന്നതും പുതിയ കല്ലുകള്‍ തെളിഞ്ഞു വരുന്നതും നോക്കികിടക്കും. അമ്മയും അമ്മൂമ്മയും കാണാതെ അരിയും ഗോതമ്പും ഒക്കെ കൊണ്ട് വന്നു പിന്നാമ്പുറത്ത് വെയ്ക്കും. ഉറുമ്പോ പ്രാവോ കാക്കയൊ വന്നാല്‍ തിന്നോട്ടെ.

പിന്നെ വായന. അമ്മാവന്‍മാരുടെ വലിയ ഒരു കളക്ഷന്‍ ഞങ്ങള്‍ക്ക് ആര്‍ക്കും എടുക്കാന്‍ പാകത്തിലുണ്ട്. പക്ഷെ അതു മുഴുവന്‍ അമ്പിളി അമ്മാവന്‍ , ഫാന്‍റം, മാന്‍ഡ്രേക് തുടങ്ങിയവയാണ്. നോവലുകള്‍ എടുക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല, എടുക്കാം പക്ഷെ അത് ടീച്ചര്‍ നോക്കിയതിനു ശേഷം. എനിയ്ക്ക് യാതൊരു താല്‍പ്പര്യവുമില്ല. എനിയ്ക്കു വേണ്ടത് കോമിക് അല്ലെങ്കില്‍ അമ്പിളി അമ്മാവന്‍ മാത്രം.

എത്രയോ രാത്രികളില്‍ ഞാന്‍ മാന്‍ഡ്രേക്കിനെ കണ്ടിരിക്കുന്നു. ഞാനും ടീച്ചറും രേഖചേച്ചിയും ശങ്കുവും നര്‍ദയും കൂടെ കക്ക്( കളം വരച്ചു കളത്തില്‍ തൊടാതെ നടക്കുന്ന ഒരു കളി, ഇന്നതിന്‍റെ നിയമം ഒന്നും ഓര്‍മ്മയില്ല, എന്നും ആദ്യം ഞാനും പിന്നെ ശങ്കും ആയിരുന്നു പുറത്താകുന്നത്, ശങ്കു മനപ്പൂര്‍ വ്വമായിരുന്നു കളം “തീണ്ടി”യിരുന്നതെന്നാണ് ടീച്ചര്‍ പറയുന്നത്.) കളിച്ചിട്ടുണ്ട്. ഞങ്ങളെ തോല്‍പ്പിക്കാന്‍ വേണ്ടി മാന്‍ഡ്രേക് വന്ന് നര്‍ദ കളിക്കുമ്പോള്‍ കളം വലുതാക്കുകയും ചെറുതാക്കുകയും ഒക്കെ ചെയ്യും.

ഗുരാന്‍ ഞങ്ങളെ പുറത്തൊന്നും വിടില്ല ചിലപ്പോള്‍ മോസ് ഞങ്ങള്‍ക്ക് കഥ പറഞ്ഞു തരും.
ഒരിയ്ക്കല്‍ ഞങ്ങള്‍ കാട്ടില്‍ വഴി തെറ്റി അലഞ്ഞു. ശങ്കുവും ടീച്ചറും വഴി തെറ്റി എങ്ങോ പോയി. ഞാനും ചേച്ചിയും കൂടെ കൊറേ ദൂരം നടന്നു, ഒരു ചെണ്ട കിട്ടിയിരുന്നെങ്കില്‍ ടോം ടോം സന്ദേശം നല്‍കാമായിരുന്നു.

അപ്പോളാണ് ഒരു വില്ലന്‍ അതിലേ വന്നത്. അയാളുടെ താടിയില്‍ ഫാന്‍റത്തിന്‍റെ തലയോട്ടി ചിഹ്നം. ഞാന്‍ അപ്പോളെ ചേച്ചിയോട് ഓടാന്‍ പറഞ്ഞു. ഓടുന്ന വഴിയേ ഞാന്‍ ഫാന്‍റത്തിനെ അലറി വിളിച്ചു.

അമ്മാവന്‍മാരുടെ കൊച്ചു കുട്ടികളെ പകല്‍ “നോക്കാന്‍ നില്‍ക്കുന്ന” ഒരു പെണ്ണാണ് സീനത്ത്. അവളാണ് എന്‍റെ മുറിയുടെ പുറത്ത് എനിയ്ക്കു കൂട്ട്. എന്‍റെ കരച്ചില്‍ കേട്ട് എന്നേക്കാള്‍ ഉച്ചത്തില്‍ അവള്‍ കരഞ്ഞെന്നാണ് പിന്നീട് അപ്പൂപ്പന്‍ പറഞ്ഞത്.

എന്തൊരു ഭംഗിയാണ് മഴയ്ക്ക്. ഇടമുറിയാതെ പെയ്യുമന്ന് മഴ. മഴയെക്കാളും അഴകുണ്ടായിരുന്നു മഴമാറുമ്പോള്‍ ഉള്ള പകലിന്. ശങ്കുവിന്` അപ്പോള്‍ പിടിപ്പത് ജോലിയാണ്. ഞാന്‍ ഇടയ്ക്ക് മുറിവിട്ട് പറമ്പില്‍ ഇറങ്ങും. മഴയുണ്ടാക്കിയ ചെറിയ കുഴികളൊക്കെ നോക്കും.മതിലോട് ചേര്‍ന്നു മഴയത്ത് തെറിച്ചു വീണ മണ്ണ് പറ്റിയുണ്ടാകുന്ന ചിത്രങ്ങളൊക്കെ അവിടെയുണ്ടോയെന്നു നോക്കും. പിടിപ്പത് ജോലിയാണ്.

കൂടുകാരെ പിരിഞ്ഞു പോയതില്‍ ദുഃഖിച്ച് ഇലകളില്‍ പറ്റിയിരിക്കുന്ന മഴത്തുള്ളികളോട് “പേടിക്കണ്ടാട്ടോ ഇനിയും വരും മഴ അപ്പോള്‍ നിങ്ങള്‍ക്കും പോകാം അവരുടെ കൂടെ” എന്നു പറഞ്ഞു ആശ്വസിപ്പിക്കും.
അതു കേട്ട് അവര്‍ പുഞ്ചിരിക്കും.
എന്തു ഭംഗിയാണ് മഴത്തുള്ളികള്‍ പുഞ്ചിരിക്കുന്നത് കാണാന്‍. ശുഭ പ്രതീക്ഷകള്‍ മാത്രമേ ഉള്ളൂ അവര്‍ക്ക്.
ഒരിയ്ക്കല്‍ ഞാനൊരു മഴത്തുള്ളിയോട് ചോദിച്ചു.
“നീ ആരാണ്”
ഞാന്‍ ഭൂമിയാണ്.
“പിന്നെ?”
“ഞാന്‍ ആകാശമാണ്.”
“ഞാന്‍ പുഴയാണ് കടലാണ്.”
“ഞാന്‍ എല്ലാമാണ്”
“ആരാണ് നിന്നെയെന്‍റെ അരികില്‍ എത്തിച്ചത്”
“ഒരു മാലാഖ. ഒരു പിഞ്ചുകുഞ്ഞിനെയെന്നവണ്ണം അവള്‍ എന്നെ നെഞ്ചോടടക്കി ആകാശത്തു നിന്നും ഇവിടെ കൊണ്ടു വന്നു”
“എന്തിന്”
“എനിയ്ക്ക് നിന്നെ കാണാന്‍, ഒരു നോക്ക് കാണാന്‍, ഒരു വാക്ക് പറയാന്‍, ഒന്നറിയാന്‍.”
അവള്‍ പുഞ്ചിരിച്ചു.

അന്നു രാത്രി ഒരു മാലാഖ ഒരു സുന്ദരിയായ മഴത്തുള്ളിയേയും കൊണ്ട് ഭൂമിയിലേയ്ക്ക് മന്ദം മന്ദം ഒഴുകിയിറങ്ങി വരുന്നത് ഞാന്‍ കണ്ടു

ആ മാലാഖയ്ക്ക് സുധ ടീച്ചറുടെ മുഖമായിരുന്നു

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം ഒന്ന്

സുധ ടീച്ചറെ എനിയ്ക്കിഷ്ടമായിരുന്നു. കാരണം ടീച്ചറിനു ഒരു പ്രത്യേക മണമുണ്ട്. അടുത്തടുത്ത വീടുകളിള്‍ താമസ്സിച്ചിരുന്ന ശശാങ്കന്‍ എന്ന ശങ്കു, ഞാന്‍, സുധ ടീച്ചര്‍, ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന രേഖ ചേച്ചി ഇത്രയും പേരടുങ്ങുന്ന ഒരു ചെറു സംഘമൊരുമിച്ചാണ് സ്കൂളിലേയ്ക്ക് പോകുന്നത്. ഞങ്ങളുടെ ഈ സംഘത്തിനു ശത്രുക്കള്‍ ഏറെ. അന്നു ഒരു അപൂര്‍ വ്വവസ്തുവായിരുന്ന എന്‍റെ മെറ്റല്‍ സ്കൂള്‍ ബോക്സില്‍ കല്ലെറിയാന്‍ ആര്‍ക്കും സാധിക്കില്ല. പിന്നെ ആണ്‍കുട്ടികള്‍ക്ക് രേഖ ചേച്ചിയോട് സംസാരിക്കാന്‍ കഴിയില്ല. ആരെങ്കിലും നോക്കിയാല്‍ തന്നെ ഞാനൊ ശങ്കുവോ ടീച്ചറെ തോണ്ടും.ഞങ്ങള്‍ക്കും ഉണ്ട് ചില ബുദ്ധിമുട്ടുകള്‍. സിംഗപ്പൂര്‍കാരുടെ വീട്ടില്‍ ചാമ്പക്ക പറിക്കാന്‍ പറ്റില്ല. ശങ്കുവിനു വെള്ളം നിറഞ്ഞു കിടക്കുന്നിടത്ത് കാല്‍ കൊണ്ട് പടക്കം പൊട്ടിക്കാന്‍ കഴിയില്ല. അങ്ങിനെ ചില്ലറ കാര്യങ്ങള്‍ പലതും.

ശങ്കുവിനെ എനിയ്ക്ക് വലിയ ഇഷ്ടമാണ്. വീരാരാധനയോടൊപ്പം അല്‍പം അസൂയയും ഉണ്ട് കേട്ടോ. ശങ്കുവിനു വല വീശാന്‍ അറിയാം ഞാന്‍ വീശിയാല്‍ വലയില്‍ വീഴുന്നത് ഞാന്‍ മാത്രം. മഴയത്ത് കിടക്കുന്ന വെള്ളത്തില്‍ ശങ്കുവിനു കാല് കൊണ്ട് പടക്കം പൊട്ടിക്കാന്‍ അറിയാം. ഞാന്‍ പൊട്ടിച്ചാല്‍ വെള്ളം മുഴുവന്‍ മേലാകെ ആകും.

മരം കേറും ശങ്കു. ഞാന്‍ താഴെ നില്‍ക്കും. ഇതിലൊന്നും എനിയ്ക്കു വലിയ അസൂയയില്ല പക്ഷേ ചില കാര്യത്തില്‍ ശങ്കുവിനെ പോലെയെങ്കിലും ആകണം എന്നു എനിയ്ക്കു വലിയ കൊതി ആയിരുന്നു. ശങ്കുവിനു മീശ പിരിയ്ക്കാന്‍ അറിയാം. നല്ല മീശ ഉണ്ടായിരുന്നു ശങ്കുവിന്.

പിന്നെ ചൂളത്തിലൂടെ പാട്ട് പാടും ശങ്കു. നല്ല മനോഹര ഗാനങ്ങള്‍.
വായില്‍ രണ്ട് വിരല്‍ കടത്തി നീണ്ട വിസില്‍ അടിക്കാന്‍ അറിയാം ശങ്കുവിന്.
ഏറ്റവും വലിയ രസം ഒരേ പോലെത്തെ വിസില്‍ ആയിരുന്നു ശങ്കു അടിച്ചിരുന്നതെങ്കിലും അതു ടീച്ചറെ വിളിക്കാനാണോ രേഖ ചേച്ചിയെ വിളിക്കാനാണോ എന്നും അവര്‍ക്കറിയാമായിരുന്നു.
എനിയ്ക്കതു വെറുമൊരു വിസിലടി മാത്രം.

ആറാം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലം.

എന്‍റെ വീടിന്‍റെ വടക്കൊരു ചെറിയ ഇടവഴി, അതു കഴിഞ്ഞാല്‍ രേഖചേച്ചിയുടെ വീട്. പക്ഷെ ഞങ്ങളുടെ പറമ്പിന്‍റെ പിന്നാമ്പുറത്തുവരുമ്പോള്‍ വഴിയ്ക്കു വീതി തീരെ കുറവാണ്. അതുകൊണ്ട് പെട്ടെന്ന് ചേച്ചിക്ക് എന്‍റെ വീട്ടില്‍ വരാം. ഞാന്‍ അവിടെ പോകില്ല, ഞാന്‍ മാത്രമല്ല ശങ്കുവും.

അവിടെ സര്‍പ്പക്കാവുണ്ട്. പക്ഷെ ടീച്ചറ്ക്കൊരു പേടിയുമില്ല. ടീച്ചറും രേഖചേച്ചിയും കൂടെ പലപ്പോഴും കാവില്‍ കേറും. രേഖചേച്ചി മാത്രമാണ് സാധാരണ പാലും നൂറും വെയ്ക്കാനും വെളക്ക് വെയ്ക്കാനും ഒക്കെ കേറുന്നത്.എനിയ്ക്കും ശങ്കുവിനും കൂടെ ഒരല്‍പ്പം സ്വാതന്ത്ര്യം കിട്ടുന്ന സമയം അതായിരുന്നു. വലയിടാനും ചൂണ്ടയിടാനുമൊക്കെ സമയം കിട്ടുന്നതപ്പോള്‍ ആണ്.

എന്‍റെ വീടിന്‍റെ തെക്കു ഭാഗത്ത് ഒരു വലിയ പറമ്പുണ്ട്. ഒരു വലിയ വലിയ പറമ്പ്. അവിടെ എല്ലാം ഉണ്ട്. അമ്പഴം മുതല്‍ ഒതളങ്ങ വരെ. എങ്ങിനെയൊക്കെയോ അവിടെ വളര്‍ന്നു വന്ന കുംബളം മുതല്‍ കാന്താരി വരെ. പിന്നെ പല ജാതി കൂണുകള്‍. പറമ്പുകഴിഞ്ഞാല്‍ പിന്നെ സുധടീച്ചറുടെ വീട് ശശാങ്കന്‍റെ വീട്ടിലേയ്ക്ക് ദൂരം ഏറും. എന്നാലും അവനെപ്പോഴും ഈ “വല്യ പറമ്പില്‍” എവിടെയെങ്കിലും കാണും. ഒറ്റയ്ക്കു പോലും അവനൊന്നിനേയും പേടിയില്ല. എന്നാലും കാവില്‍ കേറില്ല.

ടീച്ചറ്ക്കു അമ്പഴം വലിയ ഇഷ്ടമാണ്. ശങ്കു മരത്തില്‍ കേറും. എടത്തെ കയ്യെന്‍റെ തോളിലൂടെയിട്ടു ടീച്ചറും ഞാനും നില്‍ക്കും. അമ്പഴത്തിന്‍റെ താഴെയുള്ള കവട്ടയില്‍ കയറി രേഖ ചേച്ചി ഇരിയ്ക്കും.
ഒരോ മരത്തിനും ഓരോ പാട്ടുണ്ട് ശങ്കുവിന്. അതു കഴിഞാല്‍ പിന്നെ ചൂളപ്പാട്ട് മാത്രം.
അമ്പഴത്തില്‍ കേറുമ്പോള്‍ അവന്‍ തുടങ്ങും.

എല്ലാരും ചൊല്ലണ്
എല്ലാരും ചൊല്ലണ്

എന്നിട്ട് അവന്‍ അമ്പഴം പറിച്ച് കയ്യിലുള്ള കൂടയില്‍ ഇടും. അതിലിടുമ്പോള്‍ താഴെ വീഴുന്നതു മാത്രമേ ചേച്ചിക്കു താഴെ ഇറങ്ങി പറക്കിയെടുക്കാന്‍ കിട്ടൂ.

ഒരിയ്ക്കലെങ്കിലും ശങ്കുവിനു ആ പാട്ട് മുഴവനാക്കാന്‍ കഴിഞ്ഞതായി ഓര്‍ക്കുന്നില്ല.
കാരണം “അയ്യൊ ചന്ദിരാ എന്ന ഭാഗം അദ്ദേഹം വലിയ കച്ചെരി സ്റ്റയിലില്‍ പല തവണ നീട്ടിയും കുറുക്കിയുമൊക്കെ പാടും. മടുപ്പ് വരുമ്പോളായിരിക്കണം ടീച്ചര്‍ എന്നെ ചേര്‍ത്ത് നിര്‍ത്തി പാടും

ഞാനില്ല മേല്‍പ്പോട്ട്
കല്യാണ ചെക്കനുണ്ടേ

ഇത് കേള്‍ക്കുമ്പോള്‍ രേഖ ചേച്ചിക്കു കലിയിളകും
“അയ്യെടാ ഒരു കല്യാണ ചെക്കനെ കണ്ട.” അല്ലെങ്കില്‍ അതു പോലെയെന്തെങ്കിലും, വാക്കുകള്‍ മാറിയാലും അര്‍ത്ഥം ഒന്നു തന്നെ.

എന്നെയെന്തു കളിയാക്കിയാലും രേഖ ചേച്ചിയെ ഓടിച്ചിട്ട് ഞാന്‍ ഒരു നുള്ളെങ്കിലും കൊടുക്കാറുണ്ട്.
ഇല്ല ഇപ്പോള്‍ ഇല്ല ടീച്ചറുടെ പാട്ടും ചേച്ചിയുടെ കുറുമ്പും ആസ്വദിച്ച് ഞാന്‍ നില്‍ക്കും.
എന്തൊരു മണമാണ് ടീച്ചറിന്.

ഓര്‍മ്മകളുടെ മണിമുഴക്കങ്ങള്‍

അതെ ഇവിടെ കുറിക്കുന്നതോരോന്നും ഓരൊ വരിയും ഓരൊ വാക്കും എന്നില്‍ ഉണര്‍ത്തുന്നത് ഓര്‍മ്മകളുടെ മണിമുഴക്കങ്ങള്‍ ആണ്, നൂപുരങ്ങളുടെ ഛിലും ഛിലും നിസ്വനങ്ങള്‍ അല്ല.
ഈ ഓര്‍മ്മകള്‍ക്കു കോടാനുകോടിജന്‍മങ്ങളിലേയ്ക്ക് വരെ കടന്നു ചെല്ലാന്‍ കഴിവുണ്ട്
തീവ്രതയോടെ,
നിശ്വാസത്തോടെ
നാണത്തോടെ

എല്ലാം കഴിഞ്ഞു
സുഖ സമൃദ്ധിയോടെ
ആ മണിമുഴക്കങ്ങള്‍
എന്‍റെ മാറില്‍, എന്നില്‍
വീണുറങ്ങും തളര്‍ന്നുറങ്ങും

( ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫോറത്തിലേയ്ക്ക് വേണ്ടി എഴുതിയത് )

Tuesday, August 12, 2008

നിലവേ

നിലവേ
നിന്‍മിഴികളില്‍
നോക്കിയിരിക്കാന്‍
നിന്‍റെ മന്ദസ്മിതങ്ങളിലെ
ലയമറിയാന്‍
നിന്‍റെ ചടുല താളങ്ങളിലെ
സ്പന്ദനമാകാന്‍
നിന്നെ അറിയാന്‍
നീയറിയാന്‍
നിന്‍റെ ചൂടിനാല്‍ തണുപ്പകറ്റാന്‍
നിന്‍റെ തണുപ്പിനാല്‍ ചൂടകറ്റാന്‍
നിന്‍റെആ ചൂടായി മാറാന്‍
നീയായി മാറാന്‍

നിലവെ
ഏകാന്തതെയെ
ഞാന്‍ തേടുന്നു.