Tuesday, October 14, 2008

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം പത്ത്

ജൂലൈ 20, 2008

ഞാന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ഇടവഴിയിലേയ്ക്ക് കടന്നപ്പോള്‍ ഞാന്‍ അറിയാതെ തന്നെ കാറിന്‍റെ വേഗത കുറഞ്ഞു.. ഈ വഴികളില്‍ യാതൊരു മാറ്റവും ഇല്ല , ഒന്നൊ രണ്ടോ പുതിയ വീടുകള്‍ വന്നത് മാത്രമുണ്ട് മാറ്റം. സിംഗപ്പൂര്‍കാരുടെ വീടുകള്‍ രണ്ടും ഇന്നും പ്രൌഡ ഗാംഭീര്യത്തോടെ നില്‍ക്കുന്നു. അതു കഴിഞ്ഞാണ് ഒരു ചെറിയ ക്ഷേത്രമുള്ളത്. ഒരു കുഞ്ഞു കെട്ടിടമായിരുന്നത് ഇന്നൊരു അമ്പലത്തിന്‍റെ രൂപമായി. ഇന്നുമുണ്ടോ യക്ഷി. ഇവിടെയെത്തുമ്പോള്‍ കണ്ണ് പൂട്ടിയായിരുന്നു ഞാന്‍ ഓടിയിരുന്നത്. വീണ്ടും അടുത്തടുത്ത വളവുകള്‍. എന്‍റെ ഹൃദയം ഉച്ചത്തില്‍ മിടിക്കാന്‍ തുടങ്ങി. ഞാന്‍ പാട്ടുച്ചത്തില്‍ വെച്ചു. മലയാക്കാരുടേയും ദുബായിക്കാരുടേയും വീടുകള്‍ കടന്നു. കണ്ണടച്ച് വണ്ടിയോടിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍. ശ്ശേ. ഡ്രൈവര്‍ ഉണ്ടായിരുന്നുവെങ്കില്‍ കണ്ണടച്ച് ചെവി പൊത്തിയിരിക്കാമായിരുന്നു.
അതാ എന്‍റെ വീട്. ഞാന്‍ കൂടുതല്‍ നോക്കിയില്ല, നോക്കിയാലും മനസ്സിലാകില്ല. ആ പറമ്പില്‍ ഒന്നില്‍ കൂടുതല്‍ വീടുകള്‍
പിള്ള വാതം വന്ന് കാല്‍ വയ്യാതായ ചിത്രന്‍ വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന കട ഇപ്പോഴുമുണ്ടൊ. ഞാന്‍ അവിടെ നിര്‍ത്തി.
ആദ്യം ആരെക്കാണണം. നേരെ പോയാല്‍... ഇല്ല മനസ്സ് സജ്ജമല്ല അവിടെ കയറിചെല്ലാന്‍.
ഫോണ്‍ അടിച്ചു. പ്രദീപ് പോള്‍ ഫെലിക്സ് ഗോപന്‍ ഗോകുല ചന്ദ്രന്‍ എന്നിവര്‍ മാറി മാറി വിളിയ്ക്കുന്നു രാവിലെ മുതല്‍. ഞാന്‍ കോള്‍ മാനേജര്‍ ആക്റ്റിവേറ്റ് ചെയ്തു.
കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ട് നീങ്ങി. ഒരു മാറ്റവുമില്ല ഈ ഭാഗത്ത്. വഴിയൊക്കെ ടാര്‍ ചെയ്തിരിക്കുന്നു.
വലിയ പറമ്പിലേയ്ക്ക് നോക്കിയില്ല, അതും കഴിഞ്ഞു വീണ്ടും മുന്നോട്ട് പോയി അടുത്ത വീട് കഴിഞ്ഞു ഞാന്‍ വണ്ടി നിര്‍ത്തിയിറങ്ങി പതിയെ തിരിഞ്ഞു നടന്നു ആ വീടിന്‍റെ മുന്നിലെത്തി.
ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഗേയ്റ്റ് മലര്‍ക്കെ തുറന്നു കിടക്കുന്നു.
കൈസര്‍ വാലാട്ടി വരുമോ.
കണ്ണുകള്‍ അടച്ചു ഞാന്‍ നിന്നു.
എന്തൊരു ശബ്ദമാണ് ഇപ്പോള്‍. അപ്പൂപ്പന്‍ എന്തോ കാണാതെ പോയത് തിരയുന്നതിന്‍റെ ദേഷ്യം. അമ്മാവന്‍ ലീവിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തേടിവന്ന സാമ്പാര്‍ എന്ന പോലിസ്കാരനെ ചീത്തപറഞ്ഞു കുളിപ്പിച്ചു. ഹോ ആ പോലിസ്കാരനും ചെവിപൊത്തിപ്പോയ ചീത്തവിളി. ദേ കോട്ടയത്തമ്മ സീനത്തിനെ പറഞ്ഞു വിടുന്നു. ഒരു പക്ഷെ ഞങ്ങളെ അന്വേഷിച്ചാകും.
ഞാന്‍ കണ്ണ് തുറന്നു
വലിയ മാറ്റമില്ല ഇവിടെ. ഒരു നല്ല ഓര്‍ക്കിഡ് തോട്ടം. വളരെയധികം ആന്തൂറിയവും. ഒരു മാറ്റവുമില്ല വീടിന് എന്നു പറഞ്ഞു കൂടാ. ഒരു പുതുമ കൈ വന്നത് പോലെ. കോളിങ്ങ് ബെല്ലിനു പകരം പണ്ടത്തെ പോലെ തന്നെ ഒരു മണി കെട്ടിതൂക്കിയിരിക്കുന്നു.
ഞാന്‍ അത് വലിയ്ക്കാന്‍ കയ്യുയര്‍ത്തി.


"ദേ നിങ്ങളെ കോട്ടയത്തമ്മ വിളിയ്ക്കുന്നു"
സീനത്താണ്.

വരുന്ന വഴി മുഴുവന്‍ രേഖചേച്ചിയുടെ പന്നക്കം പറച്ചിലായിരുന്നു. ശങ്കു ലക്ഷ്മിയുടെ മുന്നില്‍ മനപ്പൂര്‍വ്വം തോറ്റതാണത്രേ
"ഇല്ലേല്‍ ടിച്ചര്‍ പറ ആരെങ്കിലും ഫൈവ് മൂവ്സില്‍ തോക്കുമൊ, ചേച്ചി ഇവന്‍ കള്ളകള്ളി കളിച്ചതാ ചതിയന്‍."
ടീച്ചര്‍ അവന്‍റെ കൈചുറ്റി പിടിച്ച് അലസമായി നടന്നു. രണ്ട് പേരും വലിയതായി ശ്രദ്ധിക്കുന്നില്ല എന്നു തോന്നിയപ്പോള്‍ ചേച്ചിയെന്‍റെ നേരെയായി.
"നിനക്കെന്താ മോനു കയ്യില്ലെ ഇന്നാ പിടി നിന്‍റെ പണ്ടാരം പെട്ടി"
ഒന്നും മിണ്ടണ്ട എന്ന് ടീച്ചര്‍ എന്നെ കണ്ണ് കാണിച്ചു. കഷ്ടകാലത്തിന് അത് രേഖ ചേച്ചി കണ്ടു.
വീടടുക്കാറായി.
"എല്ലാരും എന്‍റെ വീട്ടില്‍ വാ നല്ല ചക്കരക്കഞ്ഞിയൊക്കെ ഉണ്ടാക്കികഴിച്ചിട്ടു വീട്ടില്‍ പോകാം എന്താ "
അപ്പോളാണ് സീനത്തിന്‍റെ വിളി. എല്ലാരും കോട്ടയത്തമ്മയെ കണ്ടിട്ടേ പോകാവൂ എന്ന്
നേരേ ചെന്നയുടനെ അമ്മായിയെ വിളിച്ചു കോട്ടയത്തമ്മ. കയ്യും മുഖവുമൊന്നു കഴുകട്ടെ അവര്‍ എന്നായി അപ്പൂപ്പന്‍. കൈ മാത്രം വേണേല്‍ ഒന്നു കഴുകിക്കോ എന്നായി കോട്ടയത്തമ്മ. ഞങ്ങള്‍ റഡിയായി വന്നപ്പോള്‍ മേശയാകെ ജില്ലെബിയും അലുവയും നാന്‍ ഖട്ടായിമൊക്കെ പൊടിപൂരം.
ഞങ്ങള്‍ എല്ലാം ഒന്നായി വീണ്ടും.
പക്ഷേ ബകഭക്ഷണമൊക്കെ കഴിഞ്ഞപ്പോള്‍ ടീച്ചര്‍ ഒരു കുരുത്തക്കേട് ഒപ്പിച്ചു.
"രേഖേ നിനക്കറിയാമോ എന്താ കാര്യമെന്നു്"
ഇല്ലാ, എന്താ
ഞാന്‍ പറഞ്ഞിരുന്നു ലക്ഷ്മി ജയിച്ച കാര്യം അതിന്` അമ്മാവന്‍റെ വക ട്രീറ്റ് ആണ്.
വിശ്വസിക്കണൊ വേണ്ടയോ എന്ന മട്ടിലുള്ള നില്‍പ്പ് കണ്ട് എല്ലാരും ചിരിച്ചു.
രേഖചേച്ചി വീണ്ടും ചൂടായി ശങ്കുവിനോട്
നീ ഇളിക്കണ്ട, പെണ്‍കോന്തന്‍
ശങ്കു അടുത്ത് ചെന്നു.
എന്നിട്ട് പതുക്കെ ചോദിച്ചു.
"അതെ ഞാന്‍ പെണ്‍കോന്തന്‍ ആണ്. സത്യമല്ലേ"
രേഖ ചേച്ചി പെട്ടന്ന് നിശബ്ദയായി.

"അയ്യൊ സുധേ കഴിക്കെന്നെ" എന്നു പറഞ്ഞ് അമ്മായി കടന്നു വന്നു, കൂടെ കോട്ടയത്തമ്മയും.
"കല്യാണത്തീയതി നിശ്ചയിച്ചൊ കോട്ടയത്തമ്മേ" സുധടീച്ചറുടെ ചോദ്യം കേട്ട് അമ്മൂമ്മ വാചാലയായി.
അതേടി കൊച്ചെ മിഥുനത്തില്‍ തന്നെ കല്യാണം വേണമെന്ന്. ജൂലൈ ആറാം തീയതി ആകട്ടെയെന്ന് വെച്ചു ഇവന്‍റച്ഛനും കൂടാം.
അച്ഛന്‍ വരുന്ന കാര്യം കേട്ടുവോയെന്നറിയാന്‍ ഞാന്‍ രേഖചേച്ചിയെ നോക്കി
ചേച്ചി ജിലേബിയിലേയ്ക്ക് നോക്കിയിരിക്കുകയാണ്. ഞാന്‍ ശ്രദ്ധിച്ചു
ഇല്ല ആ കണ്ണുകള്‍ അടഞ്ഞ മട്ടിലിരിക്കുന്നു. കണ്ണുനീര്‍ മണി മണിയായി ജിലേബിയിലേയ്ക്ക് വീഴുന്നുണ്ട്.
ഞാന്‍ ശങ്കുവിനെ നോക്കി. അവന്‍ ചേച്ചിയുടെ കൈത്തണ്ടയില്‍ പിടിച്ചിട്ടുണ്ട്. അവന്‍ വേദനിപ്പിച്ചിട്ടാണോ ഇനി രേഖചേച്ചി കരയുന്നത്. അയ്യോ എന്നാല്‍ കോട്ടയത്തമ്മയെങ്ങാനുമിതറിഞ്ഞാല്‍ ശങ്കുവിന്‍റെ പുറം പൊളിയും.
ടീച്ചറാണെങ്കില്‍ അമ്മായിയുമായും കോട്ടയത്തമ്മയുമായും നെടുങ്കന്‍ ചര്‍ച്ച.
ഞാന്‍ ആകെ അസ്വസ്ഥനായി.

No comments: