Sunday, August 31, 2008

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം നാല്

കനത്ത മഴ
അമ്മൂമ്മയുടെ ഭാഷയില്‍ ” തുമ്പിക്കൈ വണ്ണ ത്തില്‍ അല്ലേ ഇപ്പോളത്തെ ഈ മഴ “. ചിലപ്പോള്‍ കുറച്ചേറെ ദിവസത്തേയ്ക്ക്. വീടിനു പുറകിലുള്ള തോട് കരകവിഞ്ഞ് അടുത്തുള്ള വഴിയേതന്നറിയാതെ പരന്ന് കിടക്കും.
ടീച്ചറുടെ വീട്ടിലേയ്ക്കുള്ള യാത്ര, ചേച്ചിയുടെ വരവ് ഇതൊക്കെ നിന്നിരിക്കുകയാണ്.
ഒന്നു മാത്രം മുടങ്ങില്ല- ശങ്കുവിന്‍റെ വരവ്. - ആദ്യം ടീച്ചറുടെ വീട് - അവന്‍റെ വീട്ടില്‍ നിന്നു വരുമ്പോള്‍ ആദ്യം ടീച്ചറുടെ വീടാണല്ലോ. പിന്നെ നേരെ ഞങ്ങളുടെ അടുക്കളയില്‍.
അമ്മൂമ്മയുടെ ഭാഷ വീണ്ടും കടം കൊള്ളാം.
” ഇതെന്താ പെണ്ണെ വിട്ടിലിനൊണ്ടായതാണോ നിന്‍റെ മോന്‍” ശങ്കുവിന്‍റെ അമ്മയെ കണ്ടപ്പോള്‍ അമ്മുമ്മ ഇതു ചോദിച്ചത് കേട്ട് അപ്പൂപ്പന്‍ പറഞ്ഞു. ” മഴയത്ത് വിട്ടിലു പോലും പുതച്ചു മൂടിക്കിടക്കും”
ഇതൊക്കെയാണെങ്കിലും അമ്മൂമ്മയ്ക്ക് തോട് ചീയാത്ത പാക്ക് വേണമെങ്കില്‍, ഹരിയുടെ കടയില്‍ അപ്പൂപ്പനു വേണ്ടി മാത്രം ഉണ്ടാക്കുന്ന വലിയ ബീഡി അപ്പൂപ്പന്‍റെ കൈയ്യില്‍ എത്തണമെങ്കില്‍. ശങ്കു വേണമല്ലൊ.
ഒരു ദിവസം മഴയൊന്ന് “ആറിയ” സമയം. ടീച്ചറും രേഖചേച്ചിയും വന്നു. കുറച്ചു കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്.
എന്നെ തിരക്കി ചേച്ചി ഞാന്‍ കിടക്കുന്ന മുറിയില്‍ വന്നു.
“സീക്രട്ട് സെവെന്‍ മൂന്ന് എണ്ണം വന്നിട്ടുണ്ട് ലൈബ്രറിയില്‍” “ശങ്കു എവിടെ? അവന്‍ കനിഞ്ഞാലെ കിട്ടൂ”
ഞാന്‍ ജനലിലൂടെ നോക്കിയിരുന്നത് കാരണം കൃത്യമായി ഒരു ഉത്തരം കിട്ടിക്കാണില്ല.
ചേച്ചി അടുത്ത് വന്നിരുന്നു.
“നീയെന്താ നോക്കിയിരിക്കുന്നെ”
“ആ ഇലകളിലെ വെള്ളത്തില്‍ എല്ലാം മഴവില്ല് ” ഞാന്‍ പറഞ്ഞു.

“എത്ര” ചേച്ചിയെന്‍റെ തോളില്‍ താടി അമര്‍ത്തിവെച്ചു പുറത്തേയ്ക്ക് നോക്കി.
“ആയിരം” ഞാന്‍ ചോദ്യഭാവത്തില്‍ നിര്‍ത്തി.
“പിന്നെ . അതിലേറെയുണ്ട് നിന്‍റെ കണ്ണില്‍”

“നീയാ ഗന്ധരാജനെ നോക്കിക്കെ” ഓരോ ഇലയിലുമില്ലെ ആയിരമായിരം വീതം”
“ആവോ എനിയ്ക്കറിയില്ല”

എനിയ്ക്ക് ഗന്ധരാജനെ പേടിയാണ്. അതിനിടയില്‍ മൂര്‍ഖനും ശംഖുവരയനും വന്നിരിക്കുമത്രേ.
എനിയ്ക്കിഷ്ടം ചെത്തിയാണ്. ഓരോ പൂവില്‍ നിന്നും തേന്‍ കുടിക്കാം.

“മോനു, ഈ തേനൊക്കെ മോനു കുടിച്ചാല്‍ തേന്‍ തിരക്കി വരുന്ന തേനീച്ച എന്തു ചെയ്യും”
ഒരിയ്ക്കല്‍ ടീച്ചരുടെ വീട്ടിലെ ചെത്തിയില്‍ നിന്ന് തേന്‍ കുടിച്ചു കൊണ്ടിരിക്കെ ടീച്ചര്‍ ചോദിച്ചു.

നീ കുടിക്കെടാ മണുക്കൂസ്സെ, തേനീച്ച അടുത്ത വീട്ടില്‍ പൊയ്ക്കോളും” ചേച്ചി പറയുന്നത് കേട്ട് സുധ ടീച്ചര്‍ അടുത്തു വന്നു.
എത്രയോ ദൂരം എത്രയോ പൂക്കളില്‍ ചെന്നാലാണ് ഒരു ഈച്ചയ്ക്കു അല്‍പ്പം തേന്‍ കിട്ടുന്നതെന്നറിയാമോ” ടീച്ചര്‍ ചോദിച്ചു

“എനിയ്ക്കു മതി” ഞാന്‍ പറഞ്ഞു.
“എന്തേ” ചേച്ചീടെ ചോദ്യം
“വയറ് നിറഞ്ഞു” എന്‍റെ മറുപടി കേട്ട് ചേച്ചി പൊട്ടിച്ചിരിച്ചു.
പിന്നെ നാല് ചെത്തിപ്പൂവിലെ തേനുണ്ടാല്‍ നിറയുന്നതല്ലേ ഈ ഉണ്ണി ഗണപതിയുടെ കുംഭ”

ഗന്ധരാജന്‍റെ ഇടയില്‍ മഞ്ഞ നിറങ്ങളില്‍ വളയമുള്ള ശംഖുവരയന്‍ ഉണ്ടൊ? ഞാന്‍ ശ്രദ്ധിച്ചു. ശംഖുവരയന്‍റെ നിറത്തെ ചൊല്ലിയെന്നും ചേച്ചിയും ശങ്കുവും അടിയാണ്
“പിനെ ഇവന്‍റെ മടിയില്‍ വെച്ചല്ലെ ബ്രഹ്മാവ് ശംഖുവരയന് വളയം വരച്ചു കൊടുത്തത്.” ചേച്ചി ശുണ്ഠിയോടെ ചോദിക്കും.

“നീയെന്താ ഇപ്പൊള്‍ ആലോചിക്കുന്നത്” ചേച്ചി എന്നോട് ചേര്‍ന്നു നിന്നു ഞാന്‍ നോക്കുന്ന ദിക്കിലേയ്ക്കു നോക്കി ചോദിച്ചു.
“ശംഖുവരയനാണൊ മൂര്‍ഖനാണോ കൂടുതല്‍ ഭംഗി”
“മൂര്‍ഖനു തന്നെ “. ചേച്ചി പറഞ്ഞു.
“പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ തന്നെ സുന്ദരന്‍”, ചേച്ചി തുടര്‍ന്നു.

“എന്തു ഭംഗിയാണ് മൂര്‍ഖന്. “വിടര്‍ന്ന പത്തി സൌന്ദര്യം കൂട്ടും” അതു വായ് തുറക്കുമ്പോള്‍, മോനു, അതിനൊരു മണമുണ്ട്.”
“എന്തു മണം” ഗന്ധരാജനെ നോക്കി ഞാന്‍ ചേച്ചിയോട് ചോദിച്ചു.
“അടുക്കളയിലെ സുമതി ചേച്ചി പറയുന്നത് കപ്പ പുഴുങ്ങുമ്പോള്‍ ഉള്ള മണമാണെന്നാണ്”
പെട്ടന്ന് ആരോ കൊറേ കല്ല് വാരിയെറിഞ്ഞത് പോലെ മഴ ആഞ്ഞടിച്ചു.

ഞാന്‍ തിരിഞ്ഞു നോക്കി. എന്‍റെ തോളില്‍ നിന്നും താടി മാറ്റിയെങ്കിലും എന്തോ ആലോചിച്ചാലെന്ന പോലെ ചേച്ചി കട്ടിലില്‍ മുട്ടു കുത്തി നില്‍ക്കുകയാണ്.മുഖത്ത് വീണ മഴത്തുള്ളികള്‍ തുടച്ചു മാറ്റാതെ ചേച്ചി എന്തോ
ഓര്‍ത്ത് നില്‍ക്കുകയാണ്.
മഴത്തുള്ളികള്‍ക്കിടയിലൂടെ അരിച്ചു വന്ന പ്രകാശരശ്മികള്‍ ചേച്ചിയുടെ മുഖത്തെ ജലത്തുള്ളികളില്‍ ആയിരമായിരം മഴവില്ലുകള്‍ തീര്‍ത്ത പോലെ ആ മുഖം ജ്വലിച്ചു നിന്നിരുന്നു.

“അല്ല” ഞാന്‍ പറഞ്ഞത് കേട്ട് ചേച്ചിയെന്നെ ചോദ്യഭാവത്തില്‍ നോക്കി.
മൂര്‍ഖന്‍ വായ തുറക്കുമ്പോള്‍ ഉള്ള മണം നീലിഭൃംഗാദിയുടേതാണ്” എനിയ്ക്ക് ആകെ അറിയാവുന്ന എണ്ണ അതാണല്ലൊ.
ചേച്ചി ആശ്ചര്യഭാവത്തില്‍ എന്നെ നോക്കി എന്നിട്ട് പൊട്ടിച്ചിരിച്ചു.
“നൊസ്സ്” ഏതോ നോവലില്‍ നിന്നും കടം കൊണ്ട വാക്കെടുത്ത് വിളമ്പി.
“മൂര്‍ഖന്‍റെ വായിലല്ല, എന്‍റെ മുടിയിലാ മണം”
പെട്ടന്ന് ചേച്ചി വിടര്‍ന്ന് കിടന്ന മുടിയാകെ കൊണ്ട് എന്നെ മൊത്തം മൂടി..എന്നിട്ട് ചേച്ചിയുടെ നെറ്റി കൊണ്ട് വന്നു എന്‍റെ ഉച്ചിയില്‍ അമര്‍ത്തി.
ഒരു നിമിഷം കഴിഞ്ഞു പുറകോട്ട് മാറി പൊട്ടിച്ചിരിച്ചു കൊണ്ട് ചേച്ചിയെന്നോട് ചോദിച്ചു.
“ഗണപതി ഭഗവാനെ നീലിഭൃംഗാദിയുടെ മണം ഭഗവാന് ഇഷ്ടപ്പെട്ടോ” “ഇഷ്ടപ്പെട്ടെങ്കില്‍ ഇന്നു മോദകത്തിനു പകരം നിവേദ്യമായെടുത്തോ ആ മണം”
ഞാനൊന്നും മിണ്ടിയില്ല ഞാനെന്ത് മിണ്ടാന്‍.
ചേച്ചിയുടെ പൊട്ടിച്ചിരിയുടെ താളം ഏതാണ്. ആ മുഖത്തിനു ഇപ്പോള്‍ ഉള്ള നിറം ഏതാണ് ഞാന്‍ തല ചരിച്ചു വെച്ചു ചേച്ചിയെ നോക്കി ആലോചിച്ചു.
“കാക്ക നോട്ടം” എന്നു പറഞ്ഞിട്ട് പതുക്കെ ചിരിച്ചു കൊണ്ട് ചേച്ചി നടന്നു നീങ്ങി.
ചെറിയ മണികള്‍ കിലുങ്ങുന്നതു പോലെയായിരിന്നു ആ ചിരി. പക്ഷെ അകന്നു പോകുന്തോറും ആ ശബ്ദം കൂടി വരുന്നതായി എനിയ്ക്കു തോന്നി. ശബ്ദം അസഹനീയമായപ്പോള്‍ ഞാന്‍ ചെവി പൊത്തി തലയെന്‍റെ
കൈമുട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കിടന്നു.

“മോനൂ” “എഴുന്നേറ്റേ” ആരോ വിളിക്കുന്നത് പോലെ തോന്നി.
ടീച്ചറുടെ ശബ്ദം പോലെയുണ്ട്. ഞാന്‍ കണ്ണ് തുറന്നില്ല
“കള്ളയുറക്കമാ ചേച്ചി, ഒരു നുള്ള് കൊട്, ഞാനിപ്പൊ ഇവനുമായി സംസാരിച്ചതല്ലെ.”

ശരിയാണ്, സ്വപ്നമല്ല ഞാന്‍ കണ്ണ് തുറന്നു.
ടീച്ചറും ചേച്ചിയും അമ്മായിയും അമ്മൂമ്മയും, എവിടെ നിന്നോ പൊട്ടി വീണത് പോലെ ശങ്കുവും.
“വേഗം ഒരുങ്ങിക്കോ നിന്‍റെ അമ്മ വരുന്നുണ്ട് നിന്നെ കൊണ്ട് പോകാന്‍”
ഞാന്‍ ചോദ്യരൂപേണെ ടീച്ചറെ നോക്കി.
ടീച്ചര്‍ പറഞ്ഞു.” മോനുവിന്‍റെ അമ്മാവന്‍ അമ്മയെ വിളിച്ചു പറഞ്ഞു മോനു കൊറച്ചു ദിവസം അവിടെ നില്‍ക്കാന്‍ ഈ ഭാഗത്തുനിന്നും ഹോസ്പിറ്റലില്‍ ഒരുപാട് അഞ്ചാം പനിയും മഞ്ഞപ്പിത്തവും ഒക്കെ”"
“അതു കൊണ്ടാ വേഗം റെഡിയായിക്കൊ”
“രേഖയെ അവളുടെ ഹരിപ്പാട്ട് അമ്മവിട്ടിലേയ്ക്ക് കൊണ്ടു പോകും, ഡോക്ടര്‍ അവിടേയും വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് കനകമ്മ ചേച്ചി ഇപ്പോ ശങ്കുവിനെ വിട്ട് പറയിച്ചു.”
“അപ്പൊ ശങ്കുവോ” എന്‍റെ ചോദ്യം ആരും കേട്ടില്ല ശങ്കു ഉള്‍പ്പെടെ. അവരെല്ലാം രോഗത്തെകുറിച്ചും മറ്റും ചര്‍ച്ച തുടങ്ങിക്കഴിഞ്ഞിരുന്നു.

No comments: